കോഴിക്കോട്: ഐ.ടി മേഖലയില്‍ മലബാറിന്റെ വിശാലമായ സാധ്യതകള്‍ക്ക് വഴിതെളിച്ച് കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ് 2024) ഇന്ന് മുതല്‍ കോഴിക്കോട്ട് അരങ്ങേറും. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഫെബ്രുവരി 29 മുതല്‍ മാർച്ച് രണ്ടുവരെയാണ് പ്രദർശനം നടക്കുക. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ടെക്നോളജി പ്രദർശനങ്ങളും വർക്ക് ഷോപ്പുകളും സ്റ്റാളുകളുമടക്കം നിരവധി വിഭവങ്ങളാണ് എക്സ്പോയില്‍ കാത്തിരിക്കുന്നത്.
രാജ്യത്തെ മുൻനിര ഐ.ടി കേന്ദ്രമായി കോഴിക്കോടിനെ ഉയർത്തിക്കൊണ്ടു വരുക എന്നതാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. ആഗോള ബിസിനസ് ഭൂപടത്തില്‍ ജില്ലക്ക് തന്ത്രപരമായ സ്ഥാനം ഉറപ്പിക്കാൻകൂടി ഈ പ്രദർശനം സഹായകമാവും. പ്രമുഖ വ്യവസായ, അക്കാദമിക്, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഒന്നിച്ച് രൂപവത്കരിച്ച കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് (സി ഐ ടി ഐ) സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ടെക്നോളജി എക്സ്പോ നടക്കുന്നത്.
എ.ഐ, വി.ആർ സാങ്കേതിക വിദ്യകളില്‍ കഴിവു തെളിയിച്ച ടെക് കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന 200ല്‍ അധികം സ്റ്റാളുകള്‍ പ്രദർശനത്തിന്റെ ഭാഗമാവും. ഇതുകൂടാതെ, ആഗോള കമ്പനികളിലെ മുൻനിര ടെക് വ്യവസായ പ്രമുഖർ ഉള്‍പ്പെടെ നൂറിലധികം ഇൻഫ്ലുവൻസർമാരുടെ സെഷനുകള്‍, ടെക് വർക് ഷോപ്പുകള്‍ തുടങ്ങിയവയും എക്സ്പോയുടെ ഭാഗമായി നടക്കും. മിഡില്‍ ഈസ്റ്റില്‍നിന്നടക്കമുള്ള ആറായിരത്തിലധികം ഡെലിഗേറ്റുകളും പ്രഫഷനലുകളുമാണ് എക്സ്പോയില്‍ പങ്കെടുക്കുക.
വ്യവസായ പ്രഫഷനലുകള്‍, ഇൻഫ്ലുവൻസേഴ്സ്, വിദ്യാർഥികള്‍, ഇന്നവേറ്റിവ് തിങ്കേഴ്സ്, സ്റ്റാർട്ടപ്പുകള്‍, ടെക് എന്റർപ്രണേഴ്സ്, ഗവേഷകർ, അക്കാദമിക സ്ഥാപനങ്ങള്‍ തുടങ്ങി സാങ്കേതിക മേഖലയുടെ ഭാഗമാകുന്നവർക്ക് വലിയ അവസരമാണ് കെ.ടി.എക്സ് എക്സ്പോ ഒരുക്കുന്നത്.
ടെക്നോളജി മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രദർശനത്തിനും വർക്ക് ഷോപ്പുകള്‍ക്കും ഇവിടെ പ്രത്യേക അവസരമുണ്ടാകും. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് നടത്തുന്ന ടെക് പ്രവർത്തനങ്ങള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള അവസരം കൂടിയാകും കെ.ടി.എക്സ് എക്സ്പോയിലൂടെ സാധ്യമാവുക.






