spot_img
Saturday, September 19, 2026
Home Blog

ചെറുനാരങ്ങ വില കേട്ടാൽ ദാഹം പോകും; നാരങ്ങ‌വെള്ളത്തിന്റെ കച്ചവടം നിർത്തേണ്ടി വരുമെന്ന് കച്ചവടക്കാർ

0

ഏനാത്ത്: ചൂടേറിയതോടെ ആശ്വാസം തേടി നാരങ്ങവെള്ളം കുടിക്കുന്നവരേറെ. എന്നാൽ ചെറുനാരങ്ങയുടെ വില ചൂടിനേക്കാളേറെ പൊള്ളിക്കുകയാണ്. ഓണവും വിവാഹ സീസണും കണക്കിലെടുത്തു നാരങ്ങവില ഉയരാറുണ്ടെങ്കിലും ഇത്തവണ ഓണക്കാലം കഴിഞ്ഞിട്ടും നാരങ്ങവില കുറഞ്ഞില്ല. മിക്ക മൊത്തവ്യാപാര കേന്ദ്രങ്ങളിലും ചെറുനാരങ്ങ കിലോഗ്രാമിനു 240 മുതൽ 260 രൂപ വരെയായിരുന്നു വില. ഓണക്കാലത്ത് 120 മുതൽ 180 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ ഇരട്ടിയോളമായത്. ഇതോടെ ചിലയിടങ്ങളിൽ നാരങ്ങവെള്ളത്തിന്റെ വിലയും കൂടിയിട്ടുണ്ട്.ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 280 രൂപയ്ക്കു മുകളിലാണ് ഒരു കിലോഗ്രാം നാരങ്ങയുടെ വില. വലുപ്പവും ഗുണമേന്മയും അനുസരിച്ചു വില 300 കടക്കും. വലുപ്പമുള്ള ഒരു നാരങ്ങയ്ക്കു 10 രൂപയിലധികം നൽകണം. കേരളത്തിൽ ആവശ്യമായ നാരങ്ങ കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. അവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണു വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. തീരെ വലുപ്പം കുറഞ്ഞ നാരങ്ങയാണ് ഇപ്പോൾ എത്തുന്നത്. നീരും ഗുണവുമുള്ള പുളിയൻകുടി നാരങ്ങയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിനാണ് ഉയർന്ന വിലയും.ഇപ്പോൾ എത്തുന്നതു കൂടുതലും പച്ച നാരങ്ങയാണ്. ഇതിനു നീരു കുറവാണെന്നതും പഞ്ചസാരയ്ക്കു വില കൂടിയതും കാരണം ലൈം ജ്യൂസ്, ലെമൺ ടീ എന്നിവ തയാറാക്കി വിൽക്കാൻ പ്രയാസം നേരിടുന്നതായി കടയുടമകൾ പറയുന്നു. വിവാഹ സീസൺ കഴിഞ്ഞതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വില കുറഞ്ഞേക്കും. അല്ലെങ്കിൽ നാരങ്ങ‌വെള്ളത്തിന്റെ കച്ചവടം നിർത്തേണ്ടി വരുമെന്നാണു കച്ചവടക്കാർ പറയുന്നത്.

8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി.

0

തിരുവനന്തപുരം : 8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്‌ജക്‌ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്. ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.സ്കൂൾ വിദ്യാർത്ഥികളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികൾ ഒരു വിഷയത്തിലും മോശമാകാൻ പാടില്ല എന്ന ലക്ഷ്യം മുൻ നിർത്തി സബ്ജ‌ക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ വിദ്യാർഥിക്ക് രണ്ടാഴ്ച്‌ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവ്.

പുതിയ എസി സർവീസ്; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ മാറ്റം

0

ബെംഗളൂരു: ബന്ദിപ്പൂർ വനപാത വഴിയുള്ള എസി ഗുരുഡ പ്രീമിയം ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള രാത്രി ബസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം വരുത്തി കേരള ആർടിസി. പുതിയ സമയപട്ടിക പ്രകാരം എസി ഗരുഡ പ്രീമിയം ബസ് രാത്രി 8.01ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടും. നേരത്തെ 10.26നാണ് പുറപ്പെട്ടിരുന്നത്. മൈസൂരു (10.51), ബത്തേരി (1.31), കൽപറ്റ (2.01), താമരശേരി (3.11) വഴി വെളുപ്പിന് 3.51ന് കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്നുള്ള മടക്ക സർവീസിന്റെ സമയത്തിൽ മാറ്റമില്ല. രാവിലെ 8.25ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് ബെംഗളൂരുവിലെത്തും.

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്ഈ വർഷം മൺസൂൺ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരൾച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബർ ആദ്യ രണ്ടു വാരത്തെ കണക്കെടുത്താൽ 95% ആണ് മഴയുടെ അളവിലുണ്ടായ കുറവ്. മഴ തകർത്തു പെയ്യേണ്ടിയിരുന്ന ജൂൺ, ജൂലൈ മാസങ്ങളിലും മൺസൂൺ ദുർബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടായിരുന്നെങ്കിലും കനിഞ്ഞില്ല. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പോലും കാര്യമായ മഴ ലഭിച്ചതുമില്ല

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

0

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളിൽ മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളിൽ മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.Read Also: മാസപ്പടി കേസ്: ഇഡി കത്തിൽ മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി രമേശ് ചെന്നിത്തലതനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചിരുന്നു.

മഴ മാറി വെയിൽ കനത്തു, എന്നിട്ടും എങ്ങുമെത്താതെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം

0

തിരുവനന്തരപുരം: സംസ്ഥാനത്ത് മഴ മാറി വെയില്‍ കനക്കുന്ന സാഹചര്യമെത്തിയിട്ടും അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയില്ലെന്ന് പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒന്നര മാസം കഴിഞ്ഞിട്ടും അടിയന്തര ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയില്ലെന്നാണ് ആരോപണം. ആലപ്പുഴ ജില്ലയില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് അയ്യായിരം രൂപ മാത്രമാണ് വിതരണം ചെയ്തത്. അര്‍ഹരായവരുടെ പട്ടിക പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോട്ടയം ജില്ലയില്‍ ദുരിതബാധിതരുടെ വിവരങ്ങള്‍ എല്‍ആര്‍ഡി ഫോമില്‍ രേഖപ്പെടുത്തുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയാകാത്തതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളെയായിരുന്നു മഴ സാരമായി ബാധിച്ചത്. കുട്ടനാട്ടില്‍ 41,738 പേര്‍ അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് മാത്രമാണ് ഇതുവരെ പകുതിയെങ്കിലും ധനസഹായം വിതരണം ചെയ്തത്. പതിനായിരം രൂപ വീതം നല്‍കുമെന്നായിരുന്നു പറഞ്ഞതെങ്കിലും 83 പേര്‍ക്ക് അയ്യായിരം രൂപ വീതം മാത്രമാണ് വിതരണം ചെയ്തത്. ഗഡുക്കളായി വിതരണം ചെയ്യുമെന്നാണ് പഞ്ചായത്തുകള്‍ക്ക് തഹസില്‍ദാര്‍ നല്‍കിയ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറാകുന്നുമില്ല. അര്‍ഹരെ കണ്ടെത്താന്‍ ഫീല്‍ഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലിസ്റ്റില്‍ ഇടംപിടിച്ചോ എന്നത് സംബന്ധിച്ച് അപേക്ഷ നല്‍കിയവര്‍ക്ക് പോലും വ്യക്തതയില്ല. അതേസമയം, കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ നിന്ന് അര്‍ഹരുടെ വിശദവിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ പോര്‍ട്ടലിലേക്ക് നല്‍കിയതായാണ് അധികൃതരുടെ വിശദീകരണം. അതിനിടെ മഴക്കെടുതി തൊഴിലിനെ ബാധിച്ചിട്ടുള്ളവരുടെ 300 രൂപ ധനസഹായ വിതരണത്തിനുള്ള അപേക്ഷ ഇനിയും സ്വീകരിച്ച് തുടങ്ങിയിട്ടില്ല. വെള്ളം കയറിയ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നുള്ള വാഗ്ദാനവും പാലിക്കെപ്പെട്ടിട്ടില്ല.കോട്ടയത്തും മഴക്കെടുതി ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയിട്ടില്ല. ദുരിതബാധിതരുടെ വിവരങ്ങള്‍ എല്‍ആര്‍ഡി ഫോമില്‍ രേഖപ്പെടുത്തുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. ദുരിതബാധിതര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് വിവരം. നിലവില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞിട്ടുള്ളത്. മറ്റ് താലൂക്കുകളില്‍ ഒന്നും വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായിട്ടില്ല. കോട്ടയത്ത് മുപ്പതിനായിരത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. വൈക്കത്താകട്ടെ പതിനാറിയിരത്തോളം പേരെയും. എല്‍ആര്‍ഡി ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയാകും വരെ ദുരിതബാധിതര്‍ക്ക് പണം ലഭിക്കില്ല.

ആശ്വാസമില്ല… ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്.ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്‌സ്‌ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ചെറുവണ്ണൂർ മേൽപാലം നിർമാണം: ഞായറാഴ്ച രാത്രി മുതൽ പൂർണ ഗതാഗത നിയന്ത്രണം

0

ഫറോക്ക് : നഗരപാത വികസന പദ്ധതിയിൽ ചെറുവണ്ണൂർ മേൽപാലം പ്രവൃത്തിയുടെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കാൻ ഞായറാഴ്ച രാത്രി 10 മുതൽ 26 രാത്രി വരെ ചെറുവണ്ണൂർ പഴയ ദേശീയപാതയിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ചെറുവണ്ണൂരിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദമായ ചർച്ച ചെയ്ത ശേഷമാണ് കലക്ടർ എം.എസ്.മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്.വാഹനങ്ങൾക്കുള്ള ബദൽ മാർഗങ്ങളും നിർദേശങ്ങളും:കോഴിക്കോട് നഗരത്തിൽ നിന്നും രാമനാട്ടുകര ഇടിമൂഴിക്കൽ ഭാഗങ്ങളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചു വിടും. ദീർഘദൂര ബസുകൾ തൊണ്ടയാട്–പന്തീരാങ്കാവ് ദേശീയപാത വഴി രാമനാട്ടുകരയിലേക്ക് തിരിച്ചു വിടും. മറ്റു ബസുകൾ മാങ്കാവ്–പന്തീരാങ്കാവ് വഴി ദേശീയപാതയിലൂടെ രാമനാട്ടുകരയിലേക്ക് സർവീസ് നടത്തണം. സ്വകാര്യ വാഹനങ്ങൾ മാങ്കാവ്–പന്തീരാങ്കാവ് വഴിയോ മോഡേൺ–കൊളത്തറ വഴിയോ മറ്റു ബദൽ മാർഗങ്ങളോ സ്വീകരിക്കണം.തൃശൂർ, പാലക്കാട് ഭാഗത്തു നിന്നു വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകരയിൽ സർവീസ് അവസാനിപ്പിക്കണം. യാത്രക്കാർക്കു മറ്റു ബസുകളെ ആശ്രയിച്ച് കോഴിക്കോട് എത്തിച്ചേരാം. വിവിധ ഭാഗങ്ങളിൽ നിന്നു രാമനാട്ടുകരയിൽ എത്തി ചേരുന്ന ഓർഡിനറി ബസുകൾ ഫാറൂഖ് കോളജ് വഴി ദേശീയപാതയിൽ കയറി യാത്ര തുടരാം. ചാലിയം, കടലുണ്ടി, ഫറോക്ക് ഭാഗങ്ങളിൽ നിന്നുള്ള ബസുകളും കോഴിക്കോട് നിന്നു ചാലിയം, കടലുണ്ടി ഭാഗത്തേക്കുള്ള ബസുകളും ചെറുവണ്ണൂർ ഭാഗത്ത് യാത്ര അവസാനിപ്പിക്കണം.കോഴിക്കോട് നിന്നു ചെറുവണ്ണൂർ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഫറോക്ക് പാലത്തിന്റെ മറുഭാഗത്തെ ബസുകളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. ഗതാഗത നിയന്ത്രണങ്ങൾ സുഗമമാക്കാൻ വാഹനങ്ങൾ തിരിച്ചുവിടുന്ന പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്ടീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി.പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യോഗങ്ങൾ ചേർന്നു ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കലക്ടർ അറിയിച്ചു. പാലത്തിന്റെ ചെറുവണ്ണൂർ ജംക്‌ഷൻ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കാനാണ് നിയന്ത്രണം നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തി ഗർഡറുകൾ സ്ഥാപിക്കാനായിരുന്നു നേരത്തേ ധാരണ. ഇതു മേഖലയിൽ ഗതാഗത പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിർമാണ ജോലികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒറ്റ ഘട്ടമായി പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു.

0

പേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിനുള്ളിൽ അകപ്പെട്ട ഭാസ്കരനെ പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: സുധർമ. മക്കൾ: സുധീഷ് (ഡ്രൈവർ, പേരാമ്പ്ര), അനു (കോടേരിച്ചാൽ). മരുമക്കൾ: വിനോദൻ (കോടേരിച്ചാൽ), ശിൽപ (കുറ്റ്യാടി).

ക്ഷേമ പെൻഷൻ മസ്റ്ററിങ് അവസാന ഘട്ടത്തിൽ; സെപ്റ്റംബർ 30ന് മുമ്പ് പൂർത്തിയാക്കണം.

0

കോഴിക്കോട്: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2026 ജൂലൈ 17ന് ആരംഭിച്ച മസ്റ്ററിങ്ങിനായി ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ തുക ലഭിക്കില്ല.സംസ്ഥാന സർക്കാർ മാറിയ ശേഷം നടക്കുന്ന ആദ്യത്തെ പെൻഷൻ മസ്റ്ററിങ് എന്ന പ്രത്യേകതയും ഇത്തവണത്തെ നടപടിക്കുണ്ട്. പെൻഷൻ വിതരണത്തിൽ സമീപഭാവിയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നതിനാൽ മസ്റ്ററിങ്ങിന് കൂടുതൽ പ്രാധാന്യമുണ്ട്. ഇത്തവണ പെൻഷൻ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന നടപടികൾ കർശനമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. ബയോമെട്രിക് പരിശോധനയിലൂടെയാണ് മസ്റ്ററിങ് പൂർത്തിയാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ക്യാമ്പുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. മസ്റ്ററിങ്ങിനായി പെൻഷൻ ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവ കൈയിൽ കരുതണം.അതേസമയം, മസ്റ്ററിങ് നടത്താൻ കഴിയുന്നില്ലെന്ന പരാതിയും നിരവധി പേരിൽനിന്ന് ഉയരുന്നുണ്ട്. മസ്റ്ററിങ് പരാജയപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രശ്നം പരിഹരിക്കാം. വിരലടയാളം പതിയാത്തത്, ആധാർ പുതുക്കാത്തത് തുടങ്ങിയ കാരണങ്ങളാലും മസ്റ്ററിങ് പരാജയപ്പെടാം.കിടപ്പിലായ രോഗികൾക്കും സ്വയം നടന്നുപോകാൻ കഴിയാത്തവർക്കും അക്ഷയ കേന്ദ്രങ്ങളിൽ എത്തേണ്ടതില്ല. ഇവരുടെ വീടുകളിലെത്തി അക്ഷയ ജീവനക്കാർ മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.