അമരാവതി: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍. റെയ്ഡില്‍ പൊളിഞ്ഞത് വൻ വ്യാജ മരുന്ന് ബിസിനസ്. മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകള്‍ പിടിച്ചെടുത്തത്. തെലങ്കാനയില്‍ നടന്ന പരിശോധനയിൽ 34 ലക്ഷം രൂപയുടെ മരുന്നാണ് ഡിസിഎ പിടിച്ചെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു ഈ ഗുളികകള്‍ നിർമ്മിച്ചിരുന്നത്.
മെഗ് ലൈഫ് സയൻസെസ് എന്ന കമ്പനിയുടെ പേരില്‍ ഹിമാചല്‍പ്രദേശിലെ സിർമോർ ജില്ലയിലെ പല്ലിയിലുള്ള ഖാസര എന്ന വിലാസമാണ് ഈ ചാത്തൻ ഗുളികകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം മുതല്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളില്‍ ചോക്കും മാവും ആണ് അസംസ്കൃത വസ്തുവായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ ഗുളികകള്‍ കഴിക്കുന്നത് ചില ദുർബല വിഭാഗങ്ങള്‍ക്ക് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ കമ്പനിയുടെ പേരിലുള്ള മരുന്നുകള്‍ ലഭിച്ചാല്‍ അവ ഉപയോഗിക്കരുതെന്നും ഡിസിഎയെ അറിയിക്കണമെന്നുമാണ് തെലങ്കാനയിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യദ്രോഹികളാണ് ഇത്തരം മരുന്നുകള്‍ നിർമ്മിക്കുന്നതെന്നാണ് തെലങ്കാന ഡിസിഎ ഡയറക്ടർ ജനറല്‍ വി ബി കമലാസൻ റെഡ്ഡി മാധ്യമങ്ങളോട് വിശദമാക്കിയത്. റീട്ടെയില്‍ കടകള്‍ക്കും ഹോള്‍സെയില്‍ ഇടപാടുകാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയിട്ടുണ്ട്.






