spot_img
Friday, April 17, 2026

അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല: ജില്ലാ കലക്ടര്‍



പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കലക്ടര്‍ കത്ത് നല്‍കി

കോഴിക്കോട്:തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജില്ലാ കലക്ടര്‍ കത്ത് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

മുന്‍കൂര്‍ അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകജാലക പോര്‍ട്ടലായ സുവിധ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് കുറഞ്ഞത് 48 മണിക്കൂര്‍ മുമ്പായി അപേക്ഷ നല്‍കണം. ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്ലോഡ് ചെയ്യുകയും വാഹനം സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് സ്ഥലഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നിരീക്ഷിക്കാന്‍ ജില്ലയില്‍ ചെലവ് നിരീക്ഷണത്തിനായുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി 12 ഡി ഫോറത്തിലുള്ള അപേക്ഷ ഇവരില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 40 ശതമാനം ഭിന്നശേഷിത്വമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്താല്‍ മാത്രമേ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കൂ. അതുകൊണ്ടു തന്നെ അര്‍ഹതയില്ലാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താനാവില്ല.

പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടില്ലാത്ത ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞവരെയും ബൂത്തുകളിലെത്തിക്കാനും അവര്‍ക്ക് സൗകര്യപൂര്‍വം വോട്ട് രേഖപ്പെടുത്തുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് സ്‌റ്റേഷനുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലായിടങ്ങളിലും വീല്‍ ചെയറുകള്‍ ഒരുക്കും. പ്രത്യേക റാംപ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി പ്രത്യേക ക്യൂ ഉണ്ടാകും. ഇവരുടെ സഹായത്തിനായി ഒരോ പോളിംഗ് ബൂത്തിലും രണ്ട് എന്‍.എസ്.എസ് വളണ്ടിയര്‍മാരെയും ഏര്‍പ്പാടാക്കും. എന്‍ജിഒകള്‍, പാലിയേറ്റീവ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് വീല്‍ ചെയറുകള്‍ ഒരുക്കുന്നത്. കേള്‍വി പ്രശ്‌നങ്ങളുള്ളവര്‍ക്കായി പ്രത്യേക ആംഗ്യഭാഷാ പോസ്റ്റുറുകളും ഉണ്ടാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles