spot_img
Saturday, April 19, 2025

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ നാല് മലയാളികളും സുരക്ഷിതർ



ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ നേരിൽ കാണാൻ ഇന്ത്യൻ അധികൃതരെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു. ഇവരിൽ നാല് പേരാണു മലയാളികൾ. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാരും കപ്പൽ അധികൃതരും അറിയിച്ചു

സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്നിയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്‌സി ഏരീസ് കപ്പലിലെ മലയാളികൾ.

ഇവരിൽ സുമേഷും ആനും ശ്യാംനാഥും ആശങ്ക വേണ്ടെന്ന് അറിയിച്ച് ഇന്നലെ രാത്രി വീട്ടുകാരെ വിളിച്ചു. ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ കമ്പനിക്കു ബന്ധമുള്ള കപ്പലാണിത്. ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രിയുമായുള്ള ഫോൺ ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആവശ്യപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles