കൂരാച്ചുണ്ട് :കക്കയത്തെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചവരെ കാട്ടുപോത്ത് അക്രമിച്ചതിനെ തുടർന്ന് മൂന്ന് മാസത്തിലേറെയായി പൂട്ടിയിട്ട കെഎസ്‌ഇബിയുടെ കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന ഹൈഡല്‍ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.എന്നാല്‍ ഇവിടെ പ്രവർത്തിക്കുന്ന വനംവകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം അടഞ്ഞുതന്നെയാണുള്ളത്.
ഈ മേഖലയില്‍ തുടർച്ചയായി കാട്ടുപോത്തിന്‍റെ സാന്നിധ്യം സന്ദർശകർക്ക് ഭീഷണിയായതിനെ തുടർന്നാണ് കേന്ദ്രം ഇതുവരെ അടച്ചിട്ടത്. സന്ദർശകർക്ക് സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ഡാം സുരക്ഷ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെഎസ്‌ഇബി വാച്ചർമാരെ ഈ മേഖലയില്‍ നിയമിക്കും.
അവധിക്കാലമായതോടെ തോണിക്കടവ് ടൂറിസം കേന്ദ്രം കരിയാത്തുംപാറ എന്നിവിടങ്ങള്‍ സന്ദർശിക്കുന്നവർ കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം അടച്ചിട്ടത് മൂലം മടങ്ങിപ്പോകുന്നത് ടൂറിസം മേഖലയെ സാരമായി ബാധിച്ചിരുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി വനംവകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രവും തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്






