spot_img
Thursday, June 4, 2026

എല്ലാം സെറ്റ്‌; നാളെ കാണാം



കോഴിക്കോട്‌:കളിചിരികളുടെ വേനലവധി കഴിഞ്ഞ്‌ വിദ്യാർഥികൾ വീണ്ടും അധ്യയനത്തിന്റെ നാളുകളിലേക്ക്‌. സ്‌കൂളുകൾ തിങ്കളാഴ്‌ച തുറക്കും. പുത്തൻ പാഠപുസ്‌തകവുമായി വിദ്യാർഥികൾ ക്ലാസ്‌ മുറികളിലേക്ക്‌. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങി. സ്കൂൾ പ്രവേശനോത്സവം ജില്ലാ ഉദ്‌ഘാടനം തിങ്കൾ രാവിലെ 9.30ന്‌ ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.  വിദ്യാഭ്യാസ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളും സന്ദർശിച്ച്‌ ഒരുക്കം വിലയിരുത്തി. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. സ്‌കൂൾ അലങ്കരിക്കൽ ഉൾപ്പെടെയുള്ളവ ഞായറാഴ്‌ചയും തുടരും. നിർമിതബുദ്ധിയിലുൾപ്പെടെ പരിശീലനം നേടിയാണ്‌ അധ്യാപകർ ഈ വർഷം ക്ലാസുകളിലേക്ക്‌ എത്തുന്നത്‌. പുത്തൻ പാഠപുസ്‌തകത്തിന്റെ ഉള്ളടക്കവും സമീപനവും പരിചയപ്പെടുത്തിയും ക്ലാസ് റൂം വിനിമയ സാധ്യതകൾ അവതരിപ്പിച്ചും അവധിക്കാലത്ത്‌ പതിനേഴായിരത്തോളം പേർ പങ്കെടുത്ത അധ്യാപകസംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. 352 ബാച്ചിലായി പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ മുഴുവൻ അധ്യാപകരും പരിശീലനം പൂർത്തിയാക്കി. ഹയർസെക്കൻഡറി അധ്യാപകർക്കുള്ള പരിശീലനം ഈ ആഴ്‌ച നടക്കും.സ്‌കൂൾ വാഹനങ്ങളുടെ യാത്രാക്ഷമത പരിശോധന ഉൾപ്പെടെയുള്ളവ നേരത്തെ പൂർത്തിയാക്കി. ഡ്രൈവർമാർക്കും ചുമതലയുള്ള അധ്യാപകർക്കും മോട്ടോർ വാഹന വകുപ്പ്‌ പരിശീലന ക്ലാസും നൽകിയിട്ടുണ്ട്‌. വിവിധ സംഘടനകളുടെയടക്കം സഹായത്തോടെ സ്‌കൂളുകൾ ശുചീകരിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണ സമിതി നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗവും കഴിഞ്ഞ ദിവസം ചേർന്നിരുന്നു.  അവധിക്കുമുമ്പേ 
പുസ്‌തകമെത്തി ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിൽ ഇക്കുറി പുതിയ പാഠപുസ്‌തകമാണ്‌. വേനലവധിക്കും ആഴ്‌ചകൾമുമ്പ്‌ പാഠപുസ്‌തകം വിദ്യാർഥികളുടെ കൈകളിൽ എത്തിയിരുന്നു. പുതുക്കിയവ ഉൾപ്പെടെ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കുള്ള മുഴുവൻ പുസ്‌തകങ്ങളുടെ വിതരണവും അവധിക്കാലത്തുതന്നെ പൂർത്തിയായി. ആദ്യ വോള്യത്തിലെ 37.2 ലക്ഷം പുസ്‌തകമാണ്‌ വിതരണംചെയ്‌തത്‌. അധ്യയനവർഷാരംഭത്തിനും ദിവസങ്ങൾമുമ്പേ യൂണിഫോം വിതരണവും ആരംഭിച്ചിരുന്നു. അധ്യയനത്തിന്‌ 
പുതു ക്ലാസ്‌മുറി നൂതന സൗകര്യങ്ങളുള്ള ലാബുകളും തിയറ്ററും ഹൈടെക്‌ ക്ലാസ്‌ മുറികളുമായി അടിമുടി മാറിയ അന്തരീക്ഷത്തിലാണ്‌ പൊതുവിദ്യാലയങ്ങൾ നവാഗതരെ വരവേൽക്കുക. ഒമ്പത്‌ സർക്കാർ സ്‌കൂളുകളിൽകൂടി പുതിയ കെട്ടിടം ഒരുങ്ങി. ഏഴ്‌ സ്‌കൂൾ കെട്ടിടസമുച്ചയം കഴിഞ്ഞ ഫെബ്രുവരി അവസാനമാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. രണ്ടിടങ്ങളിൽക്കൂടി കെട്ടിടം പൂർത്തിയായി.  കിഫ്‌ബിയും പ്ലാൻ ഫണ്ടും ഉൾപ്പെടെ വിവിധ പദ്ധതിയിൽ കോടികൾ ചെലവിട്ടാണ്‌ നിർമാണം. കിഫ്‌ബിയിൽ ജില്ലയിലെ 89 സ്‌കൂളിന്‌ 245 കോടി രൂപയാണ്‌ അനുവദിച്ചത്‌. 2017 മുതൽ ഇതുവരെ 47 സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തിയായി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles