ആലപ്പുഴ > തുടർച്ചയായുള്ള ഹോൺ ഉപയോഗം മൂലമുണ്ടായ തീ വാഹനത്തിലെ സ്‌റ്റിയറിങ്, ക്ലച്ച് ഫ്‌ളൂയിഡുകളിലേക്ക് പടർന്നതാണ് ചെങ്ങന്നൂരിൽ സ്‌കൂൾ ബസ് കത്തിനശിക്കാൻ കാരണമെന്ന് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേകസംഘം എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്‌ക്ക് കൈമാറി. വ്യാഴാഴ്‌ച ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ രമണൻ പറഞ്ഞു.
തുടർച്ചയായി ഹോൺ പ്രവർത്തിപ്പിച്ചതോടെ ഇതിന്റെ വയറുകൾ അമിതമായി ചൂടുപിടിച്ച് തീ പിടിച്ചു. ഇതിൽ നിന്ന് തീ സ്‌റ്റിയറിങ് വീലിലെ റബർ പൈപ്പിലേക്കും തുടർന്ന് ഫ്‌ളൂയിഡിലേക്കും പടർന്നു. തുടർന്ന് ക്ലച്ച് ഫ്‌ളൂയിഡിനും തീപിടിച്ചതാണ് പെട്ടെന്നുണ്ടായ വലിയ അഗ്നിബാധയ്‌ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട് മൂന്നു മിനിറ്റിനുള്ളിൽ കുട്ടികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കാനായത് വൻ ദുരന്തം ഒഴിവാക്കിയെന്ന് ആർ രമണൻ പറഞ്ഞു.
വെള്ളി രാവിലെ 8.45 ഓടെയാണ് മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് ആലായിൽ കത്തിനശിച്ചത്. 17 കുട്ടികൾ ഈ സമയം ബസിലുണ്ടായിരുന്നു. വളരെ പെട്ടെന്നാണ് തീപടർന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. കുട്ടികളെ വേഗം എത്തിക്കാനായി തുടർച്ചയായി ഹോൺ ഉപയോഗിച്ചതാണ് സംഭവത്തിന് കാരണമായത്. ഡീസലിന് തീപിടിച്ചതാണെന്ന് കരുതി വെള്ളംഒഴിക്കാതിരുന്നതും തീ ആളിപ്പടരാൻ ഇടയാക്കി.
അധ്യയനവർഷാരംഭത്തിൽ എംവിഡി നടത്തിയ ഫിറ്റ്‌നസ് പരിശോധനയിൽ ബസിൽ ഈ ഹോൺ ഉണ്ടായിരുന്നില്ല. ഇത് പിന്നീട് ഘടിപ്പിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ രമണന്റെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പിലെ അഞ്ചംഗ പ്രത്യേകസംഘമാണ് പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സജീവ് കെ വർമ, എം മോഹൻലാൽ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ റോണി ജോസ്, എ വരുൺ, അനൂപ് കെ ചന്ദ്രൻ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.






