ദുരന്തമുഖത്തെ കരുത്ത്; വെള്ളാർമല സ്കൂൾ വിദ്യാർഥികളുടെ സംഘനൃത്തം ഉദ്ഘാടനവേദിയിൽ
തിരുവനന്തപുരം: ‘ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ്, ചിറകിൻ കരുത്തിൽ വാനിലുയരും’ – വെറുതെ പാടി ചുവടുവയ്ക്കുകയല്ല. ജീവിച്ചറിഞ്ഞ ജീവിതത്തിന്റെ സാക്ഷ്യം പറയുകയാണിവർ. വയനാട് വെള്ളാർമല സ്കൂളിലെ ഈ ഏഴു കുട്ടികൾ തിരുവനന്തപുരത്തിന് വണ്ടികയറിയത്, മത്സരിക്കാനോ സമ്മാനം വാങ്ങാനോ അല്ല. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ ഇവരുടെ സംഘനൃത്തം അരങ്ങേറും. ദുരന്തമുഖത്തുനിന്ന് അതിജീവിക്കുന്ന ജനതയുടെ കരുത്ത് ഒരു തലമുറയ്ക്ക് തന്നെ ഊർജമാകുമെന്ന പ്രതീക്ഷയിൽ.
വെള്ളാർമല സ്ക്കൂളിൻ്റെ തുടക്കവും തോട്ടം തൊഴിലാളികളുടെ കരുത്തിലും ഒരുമയിലുമുണ്ടായ വളർച്ചയും ഒരു സ്ഫോടനശബ്‌ദത്തിനൊടുവിലെ ഉരുൾ ഓർമയും തുടിച്ചുനിൽക്കുന്നുണ്ട്, ഈ നൃത്തശില്പത്തിൽ. വീണ, സാദിക, അശ്വിനി, അഞ്ചൽ, റിഷിക, ശിവപ്രിയ, വൈഗാ തുടങ്ങി ഏഴു കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേർ ദുരന്തത്തിൻ്റെ ഇരകളും. റിഷികയുടെ വീട് പൂർണമായും അഞ്ചലിന്റേത് ഭാഗികമായും ഉരുളെടുത്തു.
സ്കൂൾ യൂണിഫോമിട്ട്, ബാഗും തൂക്കിയാണ് കുട്ടികൾ നൃത്തവേദിയിലേക്ക് വരുന്നത്. പിന്നീട്, ഉരുൾപ്പൊട്ടലിന്റെ നടുക്കവും മലവെള്ളപ്പാച്ചിലിന്റെ ഭീകരതയുമെല്ലാം വേദിയെ ഉലയ്ക്കും. ‘വെള്ളാർമല സ്‌കൂൾ തിരികെ വരും. ഞങ്ങൾ ഉയർത്തെഴുന്നേൽക്കും’ എന്ന പ്രതീക്ഷയിലാണ് നൃത്തം അവസാനിക്കുക. നാരായണൻകുട്ടി എഴുതിയ വരികൾ നൃത്താധ്യാപകൻ അനിൽ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ജീപ്പിലും ബസിലും തീവണ്ടിയിലുമായി തുടങ്ങിയ യാത്ര അർധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.






