പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയാൻ അൽപസമയം മാത്രം. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര
ശരംകുത്തിയിലേക്ക് അൽപ്പസമയത്തിനകം എത്തും. പമ്പയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ പുറപ്പെട്ടു. ശരംകുത്തിയിൽ വെച്ച് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറരയോടെയാണ് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന.
ദീപാരധനയ്ക്കുശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്കിനൊരുങ്ങി നിൽക്കുന്ന ശബരിമലയിലെ വ്യൂപോയന്‍റുകളിലെല്ലാം തീര്‍ത്ഥാടകരാൽ നിറഞ്ഞു. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ശരണവിളികളാൽ മുഖരിതമായ ഭക്തിയുടെ നിറവിലാണ് സന്നിധാനം. പര്‍ണശാലകളിലിരുന്ന് ശരണം വിളികളോടെയാണ് മകരവിളക്കിനായി അയ്യപ്പ ഭക്തര്‍ കാത്തിരിക്കുന്നത്.
മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാർ ആണ് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്കിനൊരുങ്ങിയിരിക്കുന്ന ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്.






