spot_img
Thursday, April 16, 2026

ഒമാനിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് മാർഗനിർദേശവുമായി കസ്റ്റംസ്



മസ്കത്ത്: ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മാർഗനിർദേശങ്ങളുമായി ഒമാൻ കസ്റ്റംസ് വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒമാനിലുള്ള നിയമങ്ങളും അന്തർദേശീയ നിയമങ്ങളും പാലിക്കമെന്ന് കസ്റ്റംസ് നിർദേശിച്ചു.നിർദേശം പാലിക്കാത്തവർക്ക് കനത്ത പിഴ നൽകേണ്ടിവരുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിരോധിച്ച വസ്തുക്കള്‍, കര്‍ശനമായി നിയന്ത്രിച്ചവ, കസ്റ്റംസ് തീരുവയില്‍നിന്ന് ഒഴിവാക്കിയ ഉൽപന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രാവൽഗൈഡ് പുറത്തിറക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ സാഹചര്യങ്ങൾ തടയുന്നതിനായാണ് ഒമാൻ കസ്റ്റംസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ഒമാനിലേക്കോ ഒമാനിൽ നിന്നോ യാത്ര ചെയ്യുന്നവരോ തപാൽ, ഷിപ്പിങ് സേവനങ്ങളിലൂടെ പണം അയക്കുന്നവരോ സാമ്പത്തികരേഖകൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർ നിശ്ചയിച്ച പരിധി കടന്നിട്ടുണ്ടെങ്കിൽ ആ പണത്തെക്കുറിച്ചും രേഖകളെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. മൊത്തം മൂല്യം 6000 ഒമാനി റിയാൽ (അല്ലെങ്കിൽ ഇതിനുതുല്യമായ വിദേശനാണയം) കവിഞ്ഞാൽ കസ്റ്റംസിൽ ഡിക്ലറേഷൻ നടത്തണം. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താം. 6000 ഒമാനി റിയാല്‍ ഈ മൂല്യമുള്ള മറ്റ് കറൻസി, ചെക്കുകള്‍, അമൂല്യലോഹങ്ങള്‍, സ്വര്‍ണം, വജ്രം തുടങ്ങിയവ കൈവശം വെച്ച് രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാരന്‍ ഇക്കാര്യങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തണം. യാത്രികര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാൽ കനത്തപിഴ നൽകേണ്ടി വരും.Also Read -ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ: ഇക്കാര്യങ്ങളും അറിയ

ഭീകരവാദ ധനസഹായത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 98 പ്രകാരം മൂന്ന് വര്‍ഷം വരെ തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ലഭിക്കും. സ്ഥാപനങ്ങളാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ 10,000 റിയാലില്‍ താഴെ പിഴയും ലംഘനത്തില്‍ ഉള്‍പ്പെട്ട ഫണ്ടുകള്‍ കണ്ടുകെട്ടും. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ കടക്കുന്നവർക്ക് ഇത് ബാധകമാണ്.

പരിചയമില്ലാത്തവരിൽനിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുതെന്നതാണ് നിദേശങ്ങളിലൊന്ന്. ബഗേജിന്റെ ഉള്ളിലുള്ളതെന്താണെന്ന് പരിശോധിക്കതെ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലഗേജ് കൈമാറരുത്. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ ആരുടെ കൈവശമാണോ വസ്തുക്കളുള്ളത് അയാൾക്കെതിരെയുള്ള തെളിവായി അതുമാറും. പണമോ അമൂല്യ വസ്തുക്കളോ ഒളിപ്പിച്ച് വെക്കരുത്. നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കള്‍ മറ്റ് യാത്രക്കാരില്‍ കണ്ടാല്‍ അക്കാര്യം അധികാരികളെ അറിയിക്കണം.

സ്വകാര്യ ആവശ്യത്തിനുള്ള വീഡിയോ കാമറ, കൊണ്ടുനടക്കാവുന്ന സംഗീതോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടി.വിയും റിസീവറും, ബേബി സ്‌ട്രോളറുകള്‍, ഭിന്നശേഷിക്കാരുടെ കസേരകൾ, കമ്പ്യൂട്ടര്‍, മൊബൈല്‍ പ്രിന്ററുകള്‍, തുണികളും വ്യക്തിഗത വസ്തുക്കളും, സ്വന്തം ആവശ്യത്തിനുള്ള ആഭരണങ്ങള്‍, സ്വന്തം സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗൈഡില്‍ വിശദീകരിക്കുന്നു.അനുവദനീയമായ സിഗരറ്റുകള്‍ കൈവശം വെക്കുന്ന യാത്രക്കാരന്‍ പ്രായപൂർത്തിയായ ആളായിരിക്കണം.മരുന്നുകള്‍, ഡ്രഗ്, യന്ത്രം, ഉപകരണം, മെഡിക്കല്‍ മെഷീനുകള്‍, ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ വസ്തുക്കള്‍, എംഎജി ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അംഗീകാരം നേടണം.എല്ലാ തരത്തിലുമുള്ള ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, ശരിയായ പ്രകൃതം മറയ്ക്കുന്ന വസ്തുക്കള്‍ (ശൂലമോ വാളോയുള്ള ഊന്നുവടികള്‍പോലെ), റൈഫിളുകള്‍, പിസ്റ്റളുകള്‍, ആയുധങ്ങളും ഉപകരണങ്ങളുമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈനിക യൂനിഫോമിന് സമാനമായ വസ്ത്രം, റൈഫിള്‍ സ്‌കോപ്, നൈറ്റ് സ്‌കോപ്, ആനക്കൊമ്പ്, വൈദ്യുതി തോക്ക് എന്നിവ ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ച വസ്തുക്കളാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles