പാലക്കാട്: കേരള-തമിഴ്നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ പത്ത് മലയാളികള്‍ മരിച്ചു. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ 16 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.






