സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.
തിങ്കളാഴ്ച എട്ടു ജില്ലകളിൽ മഴമുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന പ്രവചനം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്
അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കാനും സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.






