spot_img
Friday, June 5, 2026

ഓപ്പറേഷൻ തൂഫാൻ : സംസ്ഥാന വ്യാപക റെയ്ഡിൽ 368 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു



ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 340 കേസുകൾ രജിസ്റ്റർ ചെയ്തു. 368 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.549 കി.ഗ്രാം), കഞ്ചാവ് (16.7931 കി.ഗ്രാം), ഹാഷിഷ് ഓയിൽ (0.461 കി.ഗ്രാം) കഞ്ചാവ് ബീഡി (220 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

സംസ്ഥാനം ലഹരി മരുന്ന് മുക്തമാക്കാനും ലഹരി വ്യാപനത്തിന്റെ സ്രോതസ് കണ്ടെത്തി തടയുന്നതിനുമായി ജൂൺ രണ്ടിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തൂഫാൻ : ദി നാർകോ ഹണ്ട് ആരംഭിച്ചത്.

ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഓപ്പറേഷൻ തൂഫാൻ വഴി കേരള പോലീസ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ലഹരി വിപണനം തടയുന്നതിനായി 84 പോലീസ് സബ് ഡിവിഷനുകളിൽ നാലു വീതം സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

ഇതോടൊപ്പം അന്തർസംസ്ഥാന ലഹരികടത്തു തടയുന്നതിനായി അന്യ സംസ്ഥാനങ്ങളിലെ രാസലഹരി ഉണ്ടാക്കുന്ന ലാബുകളിൽ പരിശോദന നടത്തി നടത്തിപ്പുകാരെയും സംഭരണം ചെയ്യുന്നവരെയും പിടികൂടും.

അഞ്ചു സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും ഓപ്പറേഷൻ തൂഫാൻ്റെ പരിധിക്കുള്ളിൽ വരും. ഇ ഡി , ഡി ആർ ഐ , കസ്റ്റംസ് മുതലായ കേന്ദ്ര ഏജൻസികളുടെ സഹായവും തേടും.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനവും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles