തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.കനത്ത മഴയിൽ തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവിൽ മരം വീണു, സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ശാന്തിക്കാരൻ മരിച്ചു. ശ്രീനാരായണപുരം താമരക്കുളം തോട്ടാപ്പിള്ളി ക്ഷേത്രത്തിലെ ശാന്തിക്കാരനായ വെള്ളാങ്ങല്ലൂർ കരുമാത്ര ബ്ലാഹയിൽ ഇല്ലത്ത് മണികണ്ഠനാണ് (60) മരിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം.
മിന്നൽ പ്രളയത്തിന് സാധ്യതകുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യുന്നതിനെയാണ് അതിതീവ്രമഴ എന്നു പറയുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഇതുമൂലമുണ്ടാകാം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് മാറി താമസിക്കേണ്ടതാണ്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ 9 വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ടോൾ ഫ്രീ നമ്പർ: 1077, 1070






