spot_img
Monday, June 8, 2026

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാം, അപേക്ഷാ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താം.



തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെൻ്റ് ഫലം പരിശോധിച്ച്‌ അപേക്ഷാ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താൻ വിദ്യാർത്ഥികള്‍ക്ക് അവസരം.തിങ്കളാഴ്ച (ജൂണ്‍ എട്ട്) രാവിലെ 10 മണിക്കാണ് ട്രയല്‍ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികള്‍ക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ല്‍ പ്രവേശിച്ച്‌ ‘Candidate Login-SWS’ ലൂടെ ലോഗിൻ ചെയ്ത് ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാം.2026 ജൂണ്‍ 15ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻ്റിൻ്റെ സാധ്യതാ പട്ടിക മാത്രമാണ് ട്രയല്‍ അലോട്ട്‌മെൻ്റ് പട്ടിക. ട്രയല്‍ ഫലം പ്രകാരം ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ ഉപയോഗിച്ച്‌ ഒരു സ്കൂ‌ളിലും പ്രവേശനം നേടാനാകില്ല.

പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് പട്ടിക വരുന്നത് വരെ കാത്തിരിക്കണം. അതേസമയം വിദ്യാർത്ഥികളുടെ അപേക്ഷാ വിവരങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയല്‍ അലോട്ട്മെന്റ്. ഈ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കുകയോ പുതിയവ കുട്ടിച്ചേർക്കുകയോ ചെയ്യാൻ അവസരമുണ്ട്.ട്രയല്‍ അലോട്ട്മെൻ്റ് പട്ടിക മുഴുവൻ അപേക്ഷകരും നിർബന്ധമായും പരിശോധിച്ച്‌ അപേക്ഷാ വിവരങ്ങളും ഡബ്ലുജിപിഎ (WGPA) യും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷാ വിവരങ്ങളില്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ഇനിയും വരുത്താം. അലോട്ട്മെൻ്റിനെ നിർണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങള്‍, ബോണസ് പോയിൻ്റ് ലഭിക്കുന്ന വിവരങ്ങള്‍. താമസിക്കുന്ന പഞ്ചായത്തിൻ്റയും താലൂക്കിൻ്റയും വിവരങ്ങള്‍, ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സംബന്ധിച്ച്‌ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നാല്‍ പ്രവേശനം നിഷേധിക്കപ്പെടുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങളില്‍ അപേക്ഷകൻ്റെ പേര് ഒഴികെ മറ്റൊന്നും തന്നെ തിരുത്തോനോ മാറ്റം വരുത്താനോ സാധിക്കുകയില്ല. ചില അപേക്ഷകളില്‍ ജാതി, കാറ്റഗറി മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പൊരുത്തക്കേടുകള്‍ കാണുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂണ്‍ 10 ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകർക്ക് ട്രയല്‍ അലോട്ട്മെൻ്റ് പട്ടിക പരിശോധിക്കാം.

തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ക്യാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അത് നടത്തി ജൂണ്‍ 10ന് അഞ്ച് മണിക്കുള്ളില്‍ ഫൈനല്‍ കണ്‍ഫർമേഷൻ നടത്തണം. ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ ഫൈനല്‍ കണ്‍ഫർമേഷൻ നല്‍കാതിരുന്ന അപേക്ഷകർക്കും കണ്‍ഫർമേഷൻ നടത്തി അപേക്ഷകള്‍ അന്തിമമായി സമർപ്പിക്കാനും ഇപ്പോള്‍ അവസരമുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles