കൊണ്ടോട്ടി: റോഡിൽ അപ്രതീക്ഷിതമായി കണ്ട പിഞ്ചുകുഞ്ഞിനെ സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് മാതൃകയായിരിക്കുകയാണ് സഫാ മർവാ ബസ്സിലെ ജീവനക്കാർ. പുളിക്കൽ റോഡിൽ വലിയപറമ്പിൽ വെച്ചാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്.പുതിയിടത്ത് പറമ്പ് – ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസ് ഓടിച്ചുപോകുന്നതിനിടെയാണ്, തിരക്കേറിയ റോഡിന്റെ മധ്യഭാഗത്തായി ഒരു പിഞ്ചുകുഞ്ഞ് മുട്ടിലിഴയുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
അപ്രതീക്ഷിതമായി കണ്ട ഈ കാഴ്ചയിൽ ഒട്ടും സമയം കളയാതെ, വളരെ സമയോചിതമായി ഡ്രൈവർ ശ്രീ. രാമചന്ദ്രൻ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു.ഉടനടി കണ്ടക്ടർ ശ്രീ. നവാസ് ബസിൽ നിന്നും ഇറങ്ങി ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇരുവരുടെയും മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ദൃശ്യങ്ങൾ കണ്ടവരാരും തന്നെ ശ്വാസം അടക്കിപ്പിടിക്കാതെ ഇതു കണ്ടുനിൽക്കില്ല. റോഡിൽ വാഹനങ്ങൾക്കിടയിൽ മരണത്തെ മുന്നിൽ കണ്ട കുഞ്ഞിനെ അത്ഭുതകരമായാണ് ജീവനക്കാർ രക്ഷപ്പെടുത്തിയത്.
“അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക” എന്ന ഡ്രൈവിങ്ങ് തത്വം അക്ഷരംപ്രതി നടപ്പിലാക്കിയാണ് ഇവർ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. വലിയ അപകടം ഒഴിവാക്കിയ ഡ്രൈവർ രാമചന്ദ്രനെയും കണ്ടക്ടർ നവാസിനെയും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് മോട്ടോർ വാഹന വകുപ്പിൻ്റെയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡ്രൈവർമാരും മറ്റ് വാഹനയാത്രക്കാരും ഏതു നിമിഷവും ജാഗ്രത പാലിക്കണം എന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ സംഭവം നൽകുന്നത്.






