spot_img
Friday, June 12, 2026

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കോഴിക്കോട്ടെ 149 ഓർഡിനറി ബസുകളിൽ സൗകര്യം



കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന്റെ ഭാഗമായി 15 മുതൽ ജില്ലയിൽ 149 ഓർഡിനറി ബസുകളിൽ സ്ത്രികൾക്ക് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനാകും. കോഴിക്കോട്, താമരശ്ശേരി, വടകര, തൊട്ടിൽപാലം, തിരുവമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള 149 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. കോഴിക്കോട് ഡിപ്പോയിൽ നിന്ന് 31 ഓർഡിനറി സർവീസുകളാണുള്ളത്. ഇവ ഏതാണ്ട് 120 സർവീസുകൾ നടത്തുന്നുണ്ട്. മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, തിരുവമ്പാടി, മുക്കം, തൊട്ടിൽപാലം എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഈ സർവീസുകളുള്ളത്.

ജില്ലയ്ക്കു പുറത്തേക്കും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം എന്ന ഗുണം കൂടിയുണ്ട്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് 38 ബസുകളാണ് ഓർഡിനറി സർവീസുകൾ നടത്തുന്നത്. ഇതിൽ 25 എണ്ണവും കോഴിക്കോട്ടേക്കാണ് സർവീസ്. 4 ബസുകൾ അടിവാരത്തേക്കും 2 എണ്ണം കൂരച്ചുണ്ടിലേക്കും, വയലട, വേനക്കാവ്, തലയാട്, തുഷാരഗിരി, കൂരോട്ടുപാറ, കൊയിലാണ്ടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് താമരശ്ശേരി ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്നത്.

തിരുവമ്പാടി ഡിപ്പോയിൽ നിന്ന് 29 ഓർഡിനറി ബസുകൾ ഉണ്ട്. ആനക്കാംപൊയിൽ, കക്കാടംപൊയിൽ, കോഴിക്കോട്, മലപ്പുറം, പൂവാറൻതോട്, ബത്തേരി, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നു സർവീസുള്ളത്. തൊട്ടിൽപാലം ഡിപ്പോയിൽ നിന്ന് 30 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. വടകര ഡിപ്പോയിൽ നിന്ന് 21 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ കൂടുതൽ ബസുകളും സർവീസ് നടത്തുന്നത് തൊട്ടിൽപാലത്തേക്കാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles