spot_img
Sunday, July 5, 2026

ലഹരിമാഫിയയെ തകർക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടത്തിന് പെരുമ്പാവൂരിൽ തുടക്കം.



പെരുമ്പാവൂർ: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പ്രത്യേക ‘സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ പെരുമ്പാവൂരിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അന്തർസംസ്ഥാന ലഹരി ശൃംഖലകളെ തകർക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്‌സ് മുൻകൈയെടുക്കും. പെരുമ്പാവൂർ മേഖലയിൽ ലഹരിവിരുദ്ധ നിരീക്ഷണം ശക്തമാക്കുന്നതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും, ഓപ്പറേഷൻ തൂഫാനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പെരുമ്പാവൂർ പോലീസ് സംഘത്തെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.അതിർത്തികൾ കടന്നുള്ള ലഹരി മാഫിയയുടെ പ്രവർത്തനം തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുകൾ നടത്തും.

ഇതിനായി കർണാടക, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ജൂലായ്‌ 10-ന് സംസ്ഥാന പോലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി വേട്ടയ്ക്ക് പുറമെ കർശനമായ നിയമനടപടികളും തുടർനിരീക്ഷണവും ഉറപ്പാക്കും. പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളെയും ‘തൂഫാൻ വാറിയേഴ്സ്’ ആയി മന്ത്രി പ്രഖ്യാപിച്ചു.ലഹരിക്കെതിരെ ഒരു സമൂഹം ഒന്നടങ്കം മുന്നോട്ടു വന്നാൽ ലഹരി മാഫിയയ്ക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്ന് ചടങ്ങിൽ സംസാരിച്ച സംസ്ഥാന പോലീസ്‌ മേധാവി റവാഡ ആസാദ്‌ ചന്ദ്ര ശേഖർ ഓർമ്മിപ്പിച്ചു.

ബഹുജന റാലിയും പ്രതിജ്ഞയുംഉച്ചയ്ക്ക് രണ്ട് മണിക്ക് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മന്ത്രി ‘തൂഫാൻ’ പതാക ഉയർത്തിയതോടെ ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ സമാപിച്ചു.പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി കണ്ടന്തറ ഭായ് കോളനി സന്ദർശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും അതിഥി തൊഴിലാളികളുമായി മുഖാമുഖം സംഘടിപ്പിക്കുകയും ചെയ്തു. പ്രതിനിധികൾക്ക് ‘തൂഫാൻ വാറിയർ’ ബാഡ്ജ് സമ്മാനിച്ച മന്ത്രി, അതിഥി തൊഴിലാളികൾക്കായി ഹിന്ദിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് സംസ്ഥാനം പോലീസ് മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കോളനി നിവാസികളുമായി കൂടിക്കാഴ്ച നടത്തി.ചടങ്ങിൽ ജനപ്രതിനിധികൾ, ഉത്തര മേഖലാ ഐ.ജിയും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ, എറണാകുളം റൂറൽ എസ്‌.പി സുദർശൻ കെ. എസ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, സാമൂഹിക-സാമുദായിക സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ, വ്യാപാരികൾ, അതിഥി തൊഴിലാളികൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles