spot_img
Friday, July 17, 2026

മലയിടംതുരുത്തിൽ 7 വീടുകൾക്ക് തറക്കല്ലിട്ടു; കുടിയൊഴിപ്പിക്കൽ ഭീതിയൊഴിഞ്ഞ് പര്യത്ത്കാവ് ഉന്നതി; സാക്ഷിയായി സ്ഥലം ഉടമകളും.



കൊച്ചി : അരനൂറ്റാണ്ടിലേറെക്കാലം കുടിയൊഴിപ്പിക്കലിന്റെ ഭീതിയിൽ കഴിഞ്ഞ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ ഏഴ് ദലിത് കുടുംബങ്ങള്‍ക്ക് ഒരു വർഷത്തിനുള്ളില്‍‍ വീടാകും. ഏഴു കുടുംബങ്ങൾക്കും തങ്ങൾ തലമുറകളായി താമസിച്ചിരുന്ന ഭൂമിയിൽ ഇനിയും കഴിയാനുള്ള വീടുകളുടെ കല്ലിടൽ ചടങ്ങ് ഇന്നലെ നടന്നു. ഇന്നലെ രാവിലെ 11 മുതൽ തറക്കല്ലിടീൽ നടന്നത്. അടുത്തടുത്തായി നിർമിക്കുന്ന ഓരോ വീടുകള്‍ക്കുമുള്ള തറക്കല്ലിടിൽ, മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഉന്നതവിദ്യഭ്യാസ മന്ത്രി റോജി എം.ജോൺ നിർവഹിച്ചു. തർക്കത്തിലായിരുന്ന 2.65 ഏക്കർ ഭൂമിയുടെ പിൻഭാഗത്തായി വേർതിരിച്ച 40 സെന്റ് ഭൂമിയിലാണ് ഈ ഏഴ് വീടുകളും ഉയരുക. കോടതിയിൽ നിന്ന് ഭൂമിയുടെ ഉടമമസ്ഥാവകാശം ലഭിച്ച കണ്ണോത്ത് ശങ്കരൻ നായരുടെ അവകാശികൾ ഓരോ കുടുംബത്തിനും 5 സെന്റ് ഭൂമി വീതം വിട്ടു നൽകുകയായിരുന്നു. പുക്കാട്ടുപടി – പെരുമ്പാവൂർ റോഡിൽ നിന്ന് വീടുകൾ നിർമിക്കുന്ന സ്ഥലത്തേക്ക് മൂന്ന് മീറ്റർ വീതിയില്‍ എൽ ആകൃതിയിലുള്ള റോഡിനുള്ള സ്ഥലവും ഇവർ വിട്ടുനൽകി. ദലിത് കുടുംബങ്ങളുടെ ആരാധനയ്ക്കായി ഇവിടെയുണ്ടായിരുന്ന ചെറിയ ക്ഷേത്രവും പുതിയ സ്ഥലത്തേക്ക് മാറ്റും.

ബാത് അറ്റാച്ച്ഡ് ആയിട്ടുള്ള മൂന്നു കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവയുൾപ്പെടുന്ന 1000 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റനില വീടുകളാണ് സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പോടെ നിർമ്മിക്കുന്നത്. ഇവർ താമസിച്ചിരുന്ന ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ തന്നെയാണ് ജനലുകൾക്കും വാതിലുകൾക്കുമായി ഉപയോഗിക്കുക. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി സ്ഥലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരപ്പാക്കിയെടുത്തു. വേര്‍തിരിച്ചെടുത്തു ഭൂമിയിൽ നിരനിരയായാണ് പുതിയ വീടുകൾ നിർമിക്കുന്നത്. പുതിയ വീടുകൾ ഒരുങ്ങുന്നതുവരെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽത്തന്നെ താമസിക്കാം.തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കോടതിയിലൂടെ നേടിയ അന്തരിച്ച കണ്ണോത്ത് ശങ്കരൻ നായരുടെ മക്കളായ അംബിക, സുഭദ്ര എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കാളു കുറുമ്പന്റെ പരമ്പരയിൽപ്പെട്ട അയ്യപ്പൻ, ചന്ദ്രൻ, ബീന, ബാബു, മമത, സുനിൽ, മിനി എന്നിവരുടെ കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നത്. പതിറ്റാണ്ടുകളായി തങ്ങൾ താമസിച്ചിരുന്ന വീടും പരിസരവും നഷ്ടമാകുമെങ്കിലും ഒരു മാസം മുമ്പു വരെ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കലിന്റെ ഭീതി ഒഴിഞ്ഞല്ലോ എന്ന ആശ്വാസമാണ് ഇവർ പങ്കുവച്ചത്. ആറു മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ഇവിടുത്തെ താമസക്കാരിലൊരാളായ മനോജ് പറഞ്ഞു. ഒരു കുടുംബവും കണ്ണീരോടെ ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ തങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും അതിനാലാണ് അതേ ഭൂമിയിൽ തന്നെ സ്ഥലം വിട്ടുകൊടുക്കാൻ തങ്ങൾ തയാറായതെന്ന് ശങ്കരൻ നായരുടെ കൊച്ചുമകൻ സുമേഷ് പ്രതികരിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുകയെന്ന വി.ഡി.സതീശൻ സർക്കാരിന്റെ നയത്തിന്റെ വിജയമാണ് പര്യത്തുകാവ് ഉന്നതി പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിലൂടെ സാധിച്ചതെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ നാലോളം തവണ ഇരു കൂട്ടരുമായും ഔദ്യോഗിക ചർച്ചകളും ഒട്ടേറെ അനൗദ്യോഗിക ചർച്ചകളും നടത്തിയാണ് പ്രശ്നപരിഹാരമുണ്ടായത്. 1960കളിലാണ് ഭൂമി തർക്കം കോടതി കയറിയത്. തന്റെ ഭൂമി കാളു കുറുമ്പനും മറ്റുള്ളവരും ചേർന്ന് കയ്യേറിയെന്ന് കാട്ടി ശങ്കരൻ നായർ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരുടെയും മരണശേഷം മക്കളും കൊച്ചുമക്കളും കേസുകൾ നടത്തി. ഒടുവിൽ ശങ്കരൻ നായർക്ക് അനുകൂലമായി മുൻസിഫ് കോടതി വിധി പറഞ്ഞു.

ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ എതിർപക്ഷം പോയെങ്കിലും ശങ്കരൻ നായർക്കു തന്നെയായിരുന്നു വിജയം. മൂന്നു വർഷം മുമ്പ് ഈ കോടതി വിധി നടപ്പാക്കൻ പെരുമ്പാവൂർ മുൻസിഫ് കോടതി അ‍‍ഡ്വക്കറ്റ് കമ്മിഷനും ആമീനും നിർദേശം നല്‍കി. അന്നു മുതൽ 13 തവണ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും താമസക്കാരുടേയും സമരസമിതിയുടേയും എതിർപ്പു മൂലം നടന്നില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് അധിക ദിവസമാകും മുമ്പ് നടന്ന കുടിയൊഴിപ്പിക്കൽ ശ്രമം വലിയ സംഘർഷത്തിലാണ് അവസാനിച്ചത്.

ഇതോടെ വിഷയത്തില്‍ ഇടപെട്ട സർക്കാർ പ്രശ്നപരിഹാരത്തിനായി ഹൈക്കോടതിെയ സമീപിക്കുകയും മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കുന്നത് നീട്ടി വയ്പ്പിക്കുകയും ചെയ്തു. തുടർന്നാണ് ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചത്. കുന്നത്തുനാട് എംഎൽഎ വി.പി.സജീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒരു കാരണവശാലും ഈ ജനതയെ സർക്കാർ അനാഥരാക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം നിർമാണ കരാറുകാരൻ ശിവശങ്കരന് അഡ്വാൻസ് തുകയുടെ ചെക്ക് കൈമാറി. കേരളത്തിനു മാതൃകയായ ഭൂമി തർക്ക പരിഹാരമാണിതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ബെന്നി ബഹനാൻ എംപി അഭിപ്രായപ്പെട്ടു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles