കോഴിക്കോട് : ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ കണ്ട ശേഷം വിദ്യാർഥികൾ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങേണ്ട. ഭാരതീയ വിദ്യാഭവൻ (ഭവൻസ്) സ്കൂളുകളിൽ 20ന് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി 12.30ന് തുടങ്ങുന്ന അർജന്റീന– സ്പെയിൻ ലോകകപ്പ് ഫൈനൽ വിദ്യാർഥികൾക്ക് കാണാൻ വേണ്ടിയാണ് ഭവൻസിനു കീഴിൽ ചേവായൂർ, പെരുന്തുരുത്തി, ചാലപ്പുറം എന്നിവിടങ്ങളിൽ അവധി പ്രഖ്യാപിച്ചത്. 20ന് നടക്കാനിരുന്ന മിഡ് ടേം പരീക്ഷകൾ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിയിരുന്നു. ഇതിനു പിറകെയാണ് കുട്ടികൾക്ക് സന്തോഷം പകർന്നു അവധിയും പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് സ്കൂളുകൾക്ക് ലോകകപ്പിനുവേണ്ടി അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്തെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളും അവധി പ്രഖ്യാപിച്ചിരുന്നു.






