spot_img
Thursday, July 30, 2026

പൊതുപരീക്ഷ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസാക്കി



ന്യൂഡല്‍ഹി: പൊതുപരീക്ഷ ഭേദഗതി ബില്ല് ശബ്ദവോട്ടോടെ ലോക്‌സഭയില്‍ പാസാക്കി. നാളെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്‌ക്കെത്തും. ബില്ലിന്മേലുള്ള ചര്‍ച്ചയിലുടനീളം സഭയില്‍ ഭരണ-പ്രതിപക്ഷം കടുത്ത വാക്‌പോരാണ് നടത്തിയത്.ബില്ല് പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരേ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണമെന്നും ബില്ലില്‍ പറയുന്നു.കുറ്റം സംഘടിതമായി നടത്തിയതാണെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് ഏഴുവര്‍ഷത്തെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയുമാണ് ബില്ല് നിര്‍ദേശിക്കുന്നത്. കരട് നിയമത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, ഒഎംആര്‍. ഷീറ്റുകളില്‍ തിരിമറി നടത്തല്‍, വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ 15 അനധികൃത പ്രവൃത്തികള്‍ കുറ്റകൃത്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.സംഘടിത ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് പരമാവധി പിഴ ഒരുകോടിയില്‍ നിന്ന് 10 കോടിയായി വര്‍ധിപ്പിക്കും. പരീക്ഷാ സേവനദാതാക്കള്‍ക്കും കടുത്ത നടപടി നേരിടേണ്ടി വരും. പരീക്ഷാ തട്ടിപ്പില്‍ പങ്കുള്ള സേവനദാതാക്കള്‍ക്ക് പരമാവധി പിഴ ഒരുകോടിയില്‍ നിന്ന് അഞ്ച് കോടിയായി വര്‍ധിപ്പിക്കും.വ്യക്തികള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ തടവുശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്തും. പരമാവധി തടവുശിക്ഷ അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിക്കും.തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബില്ല് അവതരിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് പാസായത്. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബില്ല് ലോക്‌സഭ പാസാക്കിയത്. ബില്ല് ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles