spot_img
Wednesday, September 2, 2026

എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ നീട്ടി: സൗജന്യമായി പ്രതിരോധ കുത്തിവെപ്പെടുക്കാം.



കോഴിക്കോട്:ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ നീട്ടി. ആഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്ര തലം മുതലുള്ള ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു. ജില്ലയില്‍ ഇതുവരെ 12,944 (49 ശതമാനം) കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 1,499 കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴിയുള്ള വാക്‌സിനേഷന്‍ ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നല്‍കിയത്.ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവെപ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന് മുന്നോടിയായി ആദ്യഘട്ടത്തില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് എച്ച്.പി.വി വാക്‌സിന്‍ നല്‍കുന്നത്.*ഗര്‍ഭാശയഗള കാന്‍സറും പ്രതിരോധവും*ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്‌സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറില്‍ രണ്ടാം സ്ഥാനത്താണിത്.ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കാന്‍ നിലവില്‍ രാജ്യത്തുള്ള വാക്‌സിനാണ് എച്ച്.പി.വി വാക്‌സിന്‍. വിപണിയില്‍ 4000 രൂപ വിലവരുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എച്ച്.പി.വി വൈറസ് മൂലമുണ്ടാകുന്ന അണുബാധയില്‍നിന്ന് സുരക്ഷയൊരുക്കുന്ന ആന്റിബോഡികള്‍ വാക്സിന്‍ സ്വീകരിക്കുന്നയാളുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. സമയബന്ധിതമായ വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിങ്ങും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറക്കാനാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles