spot_img
Sunday, September 6, 2026

ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ ഡോക്ടര്‍ സേവനം ഉറപ്പാക്കും- മന്ത്രി കെ മുരളീധരന്‍ സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ് കെട്ടിടം മന്ത്രി നാടിന് സമര്‍പിച്ചു



ഓരോ ജില്ലയിലെയും ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ (കെ.യു.എച്ച്.എസ്) സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന്റെ (എസ്.എഫ്.എച്ച്.എസ്) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകേണ്ട സാഹചര്യം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം ഓരോരുത്തരുടെയും അവകാശമാണ്. അതിനാവശ്യമായ അവസരങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആരംഭിച്ച പുതിയ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ആമുഖപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണിസിലര്‍ സി കവിത, പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി. പി. വിജയന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജീത് കുമാര്‍, സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിലെ പ്രൊഫസര്‍ ഡോ. ഗീത ഗോവിന്ദരാജ്, പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ സമൂഹത്തിന്റെ സമഗ്ര ആരോഗ്യനില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെ.യു.എച്ച്.എസിന്റെ നാലാമത്തെ സ്‌കൂളാണ് സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്. കുട്ടികള്‍, പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകള്‍, വയോജനങ്ങള്‍ തുടങ്ങിയ ആരോഗ്യപരമായി ദുര്‍ബല വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ അക്കാദമിക, ഗവേഷണ, പരിശീലന പിന്തുണകള്‍ ഒരുക്കുന്നതില്‍ സ്‌കൂള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സെല്ലാര്‍, ഗ്രൗണ്ട്, ഒന്നാം നില, രണ്ടാം നില എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന് 2,250 ചതുരശ്ര മീറ്റര്‍ പ്ലിന്ത് ഏരിയയുണ്ട്. കേരള സര്‍ക്കാര്‍ അനുവദിച്ച ഭരണാനുമതിയുടെ അടിസ്ഥാനത്തില്‍ കേരള പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles