ദമ്മാം: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സെപ്തംബർ 23 ബുധനാഴ്ച രാജ്യത്തെ സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24നെ അടിസ്ഥാനമാക്കിയാണ് അവധിയെന്നും മന്ത്രാലയം വ്യക്തമാക്കി.96ാമത് ദേശീയ ദിനമാണ് സെപ്തംബർ 23ന് ആഘോഷിക്കുന്നത്. രാജ്യത്തെ സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 23നും 24നും അവധിയായിരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒരു ദിവസത്തെ അവധി മാത്രം മന്ത്രാലയം പ്രഖ്യാപിച്ചത്.രാജ്യത്തെ മുഴുവൻ തൊഴിൽ ദാതാക്കളും ഇതനുസരിച്ച് അവധി ക്രമീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആഘോഷത്തിന്റെ ഭാഗമായി ഒരു ദിവസത്തെ ഔദ്യോഗിക അവധിക്ക് പുറമേ സെപ്തംബർ 24ന് കൂടി അധിക അവധി നൽകി തുടർച്ചയായി നാല് ദിനങ്ങൾ അവധി ക്രമീകരിച്ച സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും രാജ്യത്ത് നിരവധിയുണ്ട്. ദേശീയ ദിനത്തിന്റെ ഭാഗമായി ദിവസങ്ങൾ നീണ്ട് നിൽക്കുന്ന വ്യത്യസ്തവും വർണ്ണാഭവുമായ നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്.






