പന്തീരാങ്കാവ്: കേരളത്തിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനികളായ യുവതിയെയും യുവാവിനെയും പന്തീരാങ്കാവ് പൊലീസിന്റെ പിടികൂടി. നിലമ്പൂർ ചോക്കാട് ചപ്പാത്തിൽ അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് കൃഷ്ണ സദനത്തിൽ സൂര്യ (23) എന്നിവരെയാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ വെച്ച് പിടികൂടിയത്. മേയ് ഒമ്പതിന് ദേശീയപാത പന്തീരാങ്കാവിൽ വെച്ച് എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിതരണക്കാരായ അജ്മൽ, സൂര്യ എന്നിവരിലേക്ക് പൊലീസ് എത്തിയത്.കഴിഞ്ഞ മേയ് ഒമ്പതിന് പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര മേലെത്തൊടി ആദിൽഷ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമീഷണറും ഡാൻസാഫും ഫറോക്ക് അസിസ്റ്റന്റ് കമീഷണർ സ്കോഡും ചേർന്ന് പന്തീരാങ്കാവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. അന്ന് പിടിയിലായ വരെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇരുവരിലേക്കും അന്വേഷണം എത്തിയത്.






