പന്തീരാങ്കാവ് : 10 കോടിയിലധികം വിലവരുന്ന 1.013 കിലോഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം പണമിടപാടുകൾക്ക് ഉപയോഗിച്ചതു മ്യൂൾ അക്കൗണ്ടുകളെന്നു പൊലീസ്. മരിച്ചു പോയവരുടെയോ ഉപയോഗിക്കാതെ കിടക്കുന്നതോ ആയവ പ്രതിഫലം വാങ്ങി മറ്റൊരാൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതാണു മ്യൂൾ അക്കൗണ്ടുകൾ.പന്തീരാങ്കാവിൽ നിന്നു പിടിയിലായ സംഘം മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് 6 മാസത്തിനിടെ 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഡൽഹിയിൽ നിന്ന് ഒരു വനിതയടക്കം 2 പേരെക്കൂടി കേസിൽ അറസ്റ്റ് ചെയ്തു. മലപ്പുറം പൊലീസ് പിടികൂടിയ 13 കിലോഗ്രാം ലഹരിമരുന്നു കടത്തിയതും ഇതേ സംഘമാണ്.നിലമ്പൂർ സ്വദേശി സി.അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പി.സൂര്യ എന്നിവരെയാണു കഴിഞ്ഞ ദിവസം നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. നൈജീരിയക്കാരായ ചിലരിൽ നിന്നാണ് ഇവർക്ക് ലഹരിമരുന്നു ലഭിച്ചതെന്നു പ്രതികളുടെ മൊഴിയിലുണ്ട്. നൈജീരിയക്കാർക്കു ലഹരിമരുന്നു ലഭിച്ചതെവിടെ നിന്നാണെന്നത് അന്വേഷണത്തിലാണ്. അറസ്റ്റിലായ അജ്മലിനെയും സൂര്യയെയും വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.പന്തീരാങ്കാവ് ബൈപാസിൽ വച്ച് എക്സൈസ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് 3.200 കിലോഗ്രാം മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎയും പിടികൂടിയ കേസിലും ലഹരിമരുന്നു സംഘാംഗങ്ങൾ പണമിടപാടുകൾക്കു മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.






