കോഴിക്കോട്: സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ മലബാർ മേഖലയിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റൂട്ടുകളിൽ അധിക സർവീസുകൾ കെഎസ്ആർടിസി ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.റദ്ദാക്കപ്പെടുന്ന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ അധിക സർവീസുകൾ ഏർപ്പെടുത്തണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെ.എസ്.ആർ.ടി.സി എം.ഡി 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. അടുത്തമാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ട്രെയിൻ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ യാത്രാ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വിന്യസിക്കണമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.






