ന്യൂഡൽഹി: എസ്‌ഐആർ വഴി വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും കാണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ ഹരജി നൽകി.എസ്‌ഐആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നും ഹരജിയിൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഹരജി.രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് ഹരജി ഫയൽ ചെയ്തത്. ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ച് പുരോഗമിക്കുന്നതിനിടെ വൈകീട്ട് 4.45 ഓടെയാണ് ഹരജി സമർപ്പിച്ചത്.നേരത്തെ വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. ഹരജി നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ 13ന് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ഹരജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തുടർന്നാണ് റിട്ട് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി നാളെ (ചൊവ്വാഴ്ച) പരിഗണിക്കും.അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ചു. സുപ്രിംകോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മണ്ഡി ഹൗസ് റോഡിൽ പൊലീസ് ലാത്തിവീശുകയും ചെയ്തു.






