കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനാൽ, ഇന്ന് (ഒക്ടോബർ 16) ഉച്ചയ്ക്ക് ശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.കൂടാതെ, ചാലപ്പുറം കേസരി ഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ കെട്ടിടത്തിലേക്കുള്ള പൊതുജന പ്രവേശനം പൂർണ്ണമായും നിരോധിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ചാലപ്പുറം ശാഖ ഉൾപ്പെടെ കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അടച്ചിടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.






