കോഴിക്കോട് : കക്കോടി പാലത്തിനു സമീപത്തെ ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ വിദ്യാർഥികളെ ജീവനക്കാർ മടക്കി അയച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ആദ്യം യൂണിഫോമിൽ വിദ്യാർഥികളെത്തിയപ്പോൾ 23 വയസ്സ് പൂർത്തിയാകാത്തവർക്ക് മദ്യം നൽകില്ലെന്നു പറഞ്ഞാണ് മടക്കിയത്.പിന്നീട് ഇവർ യൂണിഫോം മാറ്റി സാധാരണ വസ്ത്രത്തിലെത്തി മദ്യം ചോദിച്ചു. ആദ്യം താഴെത്തെ നിലയിൽ പ്രീമിയം കൗണ്ടറിലെത്തി മദ്യം ചോദിച്ചു. 23 വയസ്സു പൂർത്തിയാകാത്തതിനാൽ മദ്യം നൽകില്ലെന്നതു ജീവനക്കാർ ആവർത്തിച്ചു. മടക്കി അയച്ചതോടെ മുകളിലത്തെ നിലയിലെത്തി കൗണ്ടറിൽ നിന്ന് മദ്യം ചോദിച്ചു. പറ്റില്ലെന്നു പറഞ്ഞതോടെ ജീവനക്കാരുമായി തർക്കമായി.ഇതിനിടെ താഴെ നിന്നിരുന്ന ചിലരെ മദ്യം വാങ്ങാനായി വിദ്യാർഥികൾ മുകളിലേക്ക് അയച്ചിരുന്നു. വിദ്യാർഥികൾ ചോദിച്ച അതേ ബ്രാൻഡാണ് ഇവർ ആവശ്യപ്പെട്ടത്. നിങ്ങൾ വിദ്യാർഥികൾക്ക് വേണ്ടി മദ്യം വാങ്ങാൻ വന്നതാണോയെന്നു ജീവനക്കാർ അവരോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ കേസ് വരുമെന്നു പറഞ്ഞു അവരെയും പിന്തിരിപ്പിച്ചു. അതോടെ വിദ്യാർഥികൾ കൗണ്ടറിലെത്തി ജീവനക്കാരുമായി വാക്തർക്കം ഉണ്ടാക്കി. പൊലീസും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.






