തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായ് കൂടിയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കുമെന്ന് അറിയിപ്പുണ്ട്. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 77.27 മീറ്ററാണ്. ആറ് സ്പില്‍വേ ഷട്ടറുകളും 5 സെന്റിമീറ്റര്‍ വരെ ഉയര്‍ത്താനാണ് തീരുമാനം. അണക്കെട്ടിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും പുഴയോരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. തിങ്കഴാഴ്ച ഈ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. കള്ളക്കടലിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ 25/10/2026 രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്ര(INCOIS)ത്തിന്റെ അറിയിപ്പ്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 24/10/2026 രാത്രി 11.30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.






