കോഴിക്കോട് : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ (ഒക്ടോബർ 25 ഞായർ) കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം.കനത്ത മഴയുള്ള സമയങ്ങളിൽ വിദ്യാർഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്കു സമീപം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാൻ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാവുന്നതാണ്.






