കൊച്ചി: സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമ പോര്‍ട്ടലായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അനുകൂല ഇടപെടല്‍. പത്ത് ദിവസത്തിനകം വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേരള പൊലീസിനും മെറ്റയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.നോക്യാപിന്റെ പേജ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കിയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നോ ക്യാപിന്റെ ചീഫ് എഡിറ്റര്‍ ഹൈദര്‍ അലി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കെ കെയുടേതാണ് ഇടപെടല്‍. ഹര്‍ജി നവംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.കഴിഞ്ഞ മാസം സെപ്റ്റംബര്‍ 28നാണ് നോക്യാപിന്റെ ഫേസ്ബുക്കിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്. ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതില്‍ കൃത്യമായ കാരണമോ നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ പകര്‍പ്പോ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ‘ഐ ടി നിയമത്തിലെ വകുപ്പ് 79(3)(b) പ്രകാരം നിരോധിച്ചെന്ന അറിയിപ്പാണ് പ്ലാറ്റ്‌ഫോമിന് ലഭിച്ചത്. നോട്ടീസ് നല്‍കിയ നിയമപരമായ അധികാരി ആരെന്നോ, ഏത് വാര്‍ത്തയാണ് പ്രശ്‌നമെന്ന് കണ്ടെത്തിയതെന്നോ, ബ്ലോക്ക് ചെയ്തതിന്റെ കാരണമോ വ്യക്തമാക്കിയിട്ടില്ല’, ഹര്‍ജിയില്‍ പറയുന്നു.നിയമവിരുദ്ധമായ ഉള്ളടക്കം ഏതെന്ന് വ്യക്തമാക്കാതെ ഫേസ്ബുക്ക് പേജ് നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പേജ് നീക്കം ചെയ്യുന്നതിന് മുമ്പ് നോക്യാപിന് 1.62 ലക്ഷം ഫോളോവേഴ്‌സ് ഫേസ്ബുക്കില്‍ ഉണ്ടായിരുന്നുവെന്നും പേജ് നീക്കം ചെയ്തതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന്റെ റീച്ചിനും വരുമാനത്തിനും ഇടിവ് സംഭവിച്ചെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നോക്യാപ് കോടതിയില്‍ വ്യക്തമാക്കി.ഫേസ്ബുക്കിന് നിരോധനമേര്‍പ്പെടുത്തിയതിന്റെ ഉത്തരവ് ഹാജരാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഇന്ത്യയില്‍ ഫേസ്ബുക്ക് പേജ് തിരികെ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പിന്നാലെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. നോക്യാപിന് വേണ്ടി അഭിഭാഷകരായ പ്രശാന്ത് സുഗതന്‍, വര്‍ഷ ഭാസ്‌കര്‍, മാളവിക കെ എന്നിവരാണ് ഹാജരായത്.






