ചെന്നൈ:തീരദേശ മേഖലകളിൽ നാശം വിതച്ച അർണബ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദമായി മാറി. യാനം, ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളിൽ അത്രയേറെ നാശമാണ് അർണബ് വിതച്ചത്. ആന്ധ്രയിൽ അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. പത്ത് മണിക്കൂറിൽ അധികം നീണ്ട ലാൻഡ് ഫാൾ.അതിതീവ്ര ചുഴലിക്കാറ്റായി മാറിയതു മുതൽ തന്നെ ആന്ധ്രാപ്രദേശ് തീരത്തുണ്ടായ ശക്തമായ കാറ്റും മഴയും. അർണബിന്റെ സംഹാരതാണ്ഡവമായിരുന്നു തീരദേശ മേഖലകളിൽ ഇന്നലെ കണ്ടത്. 125 മുതൽ 150 കിലോമീറ്റർ വരെയായിരുന്നു കാറ്റിൻ്റെ വേഗം.വൈദ്യുതാഘാതമേറ്റും മരംവീണും ആന്ധ്രാപ്രദേശിൽ അഞ്ച് ജീവനുകൾ പൊലിഞ്ഞു. 70,900 ഹെക്ടർ സ്ഥലത്തെ നെൽകൃഷി ഉൾപ്പെടെ, 81,350 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ പൂർണമായും നശിച്ചു. പതിനൊന്ന് ജില്ലകളിലായി 25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. മരങ്ങൾക്കൊപ്പം വൈദ്യുതി കാലുകളും വ്യാപകമായി ഒടിഞ്ഞുവീണു.നൂറിലധികം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കൊനസീമ, കാക്കിനഡ, വിശാഖപട്ടണം, യാനം തുടങ്ങിയ മേഖലകളിലാണ് വ്യാപക നഷ്ടം ഉണ്ടായത്. 30 സെന്റിമീറ്റർ വരെ മഴയാണ് പലയിടങ്ങളിലും പെയ്തത്. കാറ്റൊഴിഞ്ഞെങ്കിലും പല മേഖലകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഒഡീഷ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അർണബിന്റെ പ്രഭാവത്താൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇവിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.






