spot_img
Friday, November 13, 2026

ചെറുകിട ക്ഷീരകർഷകർക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നൽകണം: KAHDSA ജില്ലാ സമ്മേളനം​.



കൊയിലാണ്ടി: ഉരുക്കളുടെ ആദ്യ പ്രസവം വരെയെങ്കിലും ചെറുകിട ക്ഷീരകർഷകർക്ക് കാലിത്തീറ്റയും മരുന്നുകളും സൗജന്യമായി നൽകണമെന്ന് കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (KAHDSA) കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാലിത്തീറ്റയുടെ വിലക്കയറ്റവും മാരകരോഗങ്ങൾ മൂലമുള്ള ചികിത്സാച്ചെലവും കാരണം കർഷകർ ഈ മേഖല ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ, യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. അകലാപ്പുഴയിൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 10-ന് സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോസ് മേരി ഡിക്കോത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.സി. ഷാജീവൻ, സംസ്ഥാന സെക്രട്ടറി മനോജ് കുമാർ പാറപ്പുറത്ത്, ട്രഷറർ ടി.ഡി. ഷീലാമ്മ, ദീപ്തി കെ.പി, കെ. അമൃത് രാജ്, ബാബു മഠത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു; വിരമിച്ച ജീവനക്കാരായ എം. സച്ചിദാനന്ദൻ, സി.പി. രഞ്ജിനി, കെ.പി. മോഹനൻ എന്നിവരെയും സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.എസ്. ശ്രേയ ലക്ഷ്മിയെയും ചടങ്ങിൽ ആദരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളായി റോസ് മേരി ഡിക്കോത്ത (പ്രസിഡന്റ്), കെ.സി. ഷാജീവൻ (സെക്രട്ടറി), ടി.പി. ലീന (ട്രഷറർ), കെ. രമ, കെ. ഗിരീഷ് (വൈസ് പ്രസിഡന്റുമാർ), ഗീത മരുതോറമ്മൽ, കെ. ശ്രീജിത (ജോയിന്റ് സെക്രട്ടറിമാർ), ടി.ഡി. ഷീലാമ്മ (വനിതാ കമ്മിറ്റി പ്രസിഡന്റ്), എൻ. ബിന്ദു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles