spot_img
Sunday, April 26, 2026

ഇ–ബുൾ ജെറ്റ്​: വാഹനത്തിലെ അനധികൃത രൂപംമാറ്റൽ​ ഒഴിവാക്കണം



കണ്ണൂർ: വിവാദ വ്ലോഗര്‍മാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിൽ അനധികൃതമായി രൂപംമാറ്റിയത്​ ഒഴിവാക്കാൻ തലശ്ശേരി മജിസ്ട്രേട്ട്​ കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വാഹനം ഉടമ സ്വന്തംചെലവിൽ കെട്ടിവലിച്ച് വർക്ക്ഷോപ്പിൽ കൊണ്ടുപോയി ചട്ടവിരുദ്ധമായി രൂപം മാറ്റിയതെല്ലാം അഴിച്ചുമാറ്റണമെന്നാണ്​ ഉത്തരവ്​. വാഹനത്തിലെ മുഴുവൻ അനധികൃത വസ്​തുക്കളും നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ ആക്കിയശേഷം തിരിച്ച് കൊണ്ടുവരണം. കണ്ണൂർ ആർ.ടി.ഒയുടെ കസ്റ്റഡിയിലുള്ള വാഹനം കണ്ണൂർ പൊലീസ് ക്യാമ്പിലാണുള്ളത്​.

വാഹന ഉടമയുടെ ചെലവിൽ രൂപം മാറ്റിയശേഷം തിരിച്ചിവിടെതന്നെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം ഈ കാര്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ആറു മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ്​ നിർദേശം.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലർ വാഹനത്തിൽ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്​. ഇക്കാരണത്താലാണ്​ വണ്ടിയുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.

വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ലോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലാണ്​ ആറ് മാസത്തേക്ക്​ രജിസ്ട്രേഷൻ റദ്ദാക്കിയത്. നേരത്തെ കണ്ണൂർ ആർ.ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തു​കയും ചെയ്ത കേസിൽ ഇരുവരും അറസ്​റ്റിലായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles