ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പിഴയും ശിക്ഷയും ലഭിക്കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിച്ചത്. യുപിഎസ്‌സി, എസ്‌എസ്‌സി, റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി എന്നിവയുള്‍പ്പെടെ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പരമാവധി 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയില്‍ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും.
ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റൻഡ് കമ്മീഷണർ പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരാകണം ഇത്തരം കേസുകള്‍ അന്വേഷിക്കണ്ടതെന്നും ബില്ലില്‍ പരാമർശിക്കുന്നു. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ കേന്ദ്രസർക്കാരിനും അധികാരമുണ്ടാകും. ആള്‍മാറാട്ടം, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവയുള്‍പ്പെടെ 20 കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടവയുമാണ് ബില്ലിന് കീഴില്‍ വരിക.






