spot_img
Tuesday, April 28, 2026

മാര്‍ക്കറ്റുകള്‍ നിശ്ചലമായി വ്യാപാരികളുടെ കടയടപ്പ് സമരം



കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന കടയടപ്പ് സമരം ജില്ലയിലും പൂർണം. ഗ്രാമങ്ങളില്‍ അടക്കം കടകമ്പോളങ്ങൾ രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടു വരെ അടഞ്ഞു കിടന്നു.

സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി സമിതി വിട്ടു നിന്നിരുന്നു. മെഡിക്കല്‍ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കുറച്ച്‌ കടകളും മാത്രമാണ് തുറന്നത്. നഗരത്തില്‍ ഏറ്റവുമധികം തിരക്കുണ്ടാവുന്ന മിഠായിത്തെരുവ് ഹർത്താലിന് സമമായിരുന്നു. പുലർച്ചെ തന്നെ സജീവമാകുന്ന പാളയം മാർക്കറ്റും വലിയങ്ങാടിയിലേയും കടകളെല്ലാം അടഞ്ഞു കിടന്നു. കാന്റീനുകളും ഒറ്റപ്പെട്ട ഹോട്ടലുകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഇത് ജന ജീവിതം ദുസ്സഹമാക്കി. ദൂര സ്ഥലങ്ങളില്‍ നിന്ന് എത്തിയവരില്‍ പലരും റെയില്‍വേ സ്റ്റേഷനിലും പുതിയ സ്റ്റാൻഡിലുമായി ഭക്ഷണം കിട്ടാതെ വലയുന്ന സ്ഥിതിയായിരുന്നു. വഴിയോര കടച്ചവടക്കാരും ചായക്കടകളുമായിരുന്നു ആശ്രയം.

അമിതമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിൻവലിക്കുക, ട്രേഡ് ലൈൻസസിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകളടച്ച്‌ സമരം ചെയ്തത്.

വ്യാപാരമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ജനുവരി 29ന് കാസർഗോഡ് നിന്നാരംഭിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി ജാഥയുടെ സമാപന ദിവസമാണ് സമരം നടന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles