കോഴിക്കോട്:സാഹിത്യനഗരത്തെ അർത്ഥപൂർണമാക്കുമെന്നും വയോജന ക്ഷേമം ഉറപ്പാക്കുമെന്നും നഗരത്തെ മാലിന്യമുക്തമാക്കുമെന്നും പ്രഖ്യാപിച്ച് കോർപറേഷൻ ബഡ്ജറ്റ്.
99 കോടി രൂപയുടെ നീക്കിയിരിപ്പടക്കം 1238 കോടി വരവും 1178 കോടി ചെലവും 60.4 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഡെപ്യൂട്ടി മേയർ സി.പി.മുസഫിർ അഹമ്മദ് അവതരിപ്പിച്ച ബഡ്ജറ്റ്.
കോതി, ആവിക്കല്‍, സരോവരം എസ്.ടി.പികള്‍ക്കായി 336 കോടി വകയിരുത്തി. അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കും. ഞെളിയൻ പറമ്പില്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യും. മാലിന്യസംസ്കരണ രംഗത്ത് നഗരത്തിന് അനുയോജ്യമായ മാതൃകകള്‍ അവതരിപ്പിക്കുന്നതിന് നഗരത്തിലെ യുവജനങ്ങള്‍ക്കായി ഇന്നവേഷൻ ചലഞ്ച് എന്ന പദ്ധതി നടപ്പക്കും. ഇതിനായി പത്ത് ലക്ഷം വകയിരുത്തി.
മാലിന്യനിർമാർജനത്തിനുള്ള ബോധവല്‍ക്കരണത്തിനായി എസ്.പി.സി മാതൃകയില്‍ വിദ്യാർത്ഥികളെ ഉള്‍പ്പെടുത്തി എസ്.ജി.സി( സ്റ്റുഡന്റ് ഗ്രീൻ കാഡറ്റ്സ്) രൂപീകരിക്കും. 25 ലക്ഷം രൂപയാണ് വകയിരിത്തിയത്. മൊബൈല്‍ എഫ്.എസ്.ടി.പി സംവിധാനം നടപ്പിലാക്കും. രണ്ട് മൊബെെല്‍ ടോയ്ലറ്റ് ബ്ലോക്കും തയ്യാറാക്കും.
ട്രാഷ് ടു ആർട്ട് പാർക്കുകള്‍ സ്ഥാപിക്കും. ബ്ലാക്ക് സോള്‍ജിയർ ഫ്ളൈ ഉപയോഗിച്ച് ജൈവ മാലിന്യത്തില്‍ നിന്ന് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന റൂയിൻസ് ടു പ്രോട്ടീൻസ് പദ്ധതി നടപ്പിലാക്കും. നഗരത്തില്‍ നടക്കുന്ന പരിപാടികള്‍ പരിസ്‌ഥിതി സൗഹൃദമാക്കും.
സീറോ വേസ്റ്റ് നയം ഫലപ്രദമായി നടപ്പാകുന്നവർക്ക് അംഗീകാരം നല്‍കും.നഗരത്തില്‍ ആയിരം അഴക് ബിന്നുകള്‍ സ്ഥാപിക്കും. സ്വീവേജ്, സെപ്റ്റേജ് ശുചീകരണതൊഴിലാളികളെ നമസ്തേ പദ്ധതി വഴി പുനരധിവസിപ്പിക്കും.
ഞെളിയൻ പറമ്പില്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യും. നിലവിലുള്ള വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് നവീകരിച്ച് അവിടെയുള്ള ലെഗസി വേസ്റ്റും ഡെയ്‌ലി വേസ്റ്റും സമയബന്ധിതമായി സംസ്കരിക്കുന്ന പദ്ധതിക്ക് താല്‍പ്പര്യപത്രം ക്ഷണിച്ചു. ശുചീകരണത്തിന് കൈവണ്ടികള്‍ക്ക് പകരം റോഡ് ക്ലീനിംഗ് ഇ – ബൈക്ക് കാർട്ട് വാങ്ങും. മൂന്ന് റോഡ് സ്വീപിംഗ് മെഷീനുകള്‍ വാങ്ങുന്നതിന് 1.5 കോടി ചെലവഴിക്കും.
75 വാർഡുകളിലും കൂടുതല്‍ തണലിടം വരും. നഗരത്തെ നാല് വയോജന മേഖലകളായി തിരിച്ച് നിയമസഹായ ക്ലിനിക്കുകള്‍ ആരംഭിക്കും. വയോജനങ്ങളുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് പദ്ധതി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മൈക്രോ പ്ലാൻ സർവെ നടത്തും. ബി.പി.എല്‍ കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കും. ടാലന്റ് ബാങ്ക് രൂപീകരിക്കും. പകല്‍വീടുകളില്‍ വയോജനങ്ങള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ അരംഭിക്കുന്നതിന് പത്ത് ലക്ഷം. കിടപ്പുരോഗികളായ വയോജനങ്ങള്‍ക്ക് അയല്‍വാസികളുടെ സഹായം തേടുന്നതിന് വിശ്വാസമണി സ്ഥാപിക്കും.
കോഴിക്കോടെത്തുന്നവർക്ക് ഇവിടെ താമസിച്ച് സാഹിത്യകലാ പ്രവർത്തനത്തിന് സൗകര്യം, ലെെബ്രറികളുടെ നവീകരണം, പൊതുവായനാ ഇടങ്ങള്‍, സാഹിത്യോത്സവങ്ങള്‍, കുട്ടികളുടെ സാഹിത്യപരിപാടി തുടങ്ങിയ പദ്ധതികളാണ് സാഹിത്യനഗരം പദ്ധതിയിലുള്ളത്.
പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം മുതല്‍ ബീച്ച് വരെ സാഹിത്യ ഇടനാഴി ഒരുക്കും. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നഗരത്തില്‍ അന്താരാഷ്ട്ര സാഹിത്യോത്സവം, വർഷം തോറും നാടകോത്സവം, അന്താരാഷ്ട്ര ചലചിത്രാത്സവം, തനത് കലകളെ സംരക്ഷിക്കുന്നതിനായി ഫോക്ലോർ ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. സംഗീത വേദിയും ഫെസ്റ്റിവല്‍ സിറ്റിയും ഒരുക്കും.
ടാഗോർഹാളിന് പുതുമുഖം
ടാഗോർ സെന്റിനറിഹാളിന്റെ പ്രാഥമിക പ്രവർത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ബഡ്ജറ്റില്‍ വകയിരിത്തി. രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഓഡറ്റോറിയവും അതോടൊപ്പം മിനി ഹാളും കൂടുതല്‍ പാർക്കിംഗ് സൗകര്യം ഉള്‍പ്പെടെ ഒരുക്കുന്ന കള്‍ച്ചറല്‍ തീയറ്റർ കോംപ്ലക്സുമാണ് പുതുതായി നിർമ്മിക്കുന്നത്. ഇതിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. സെൻട്രല്‍ മാർക്കറ്റ് നവീകരിക്കുന്നതിനായി 55 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.
നഗരത്തില്‍ പൂകൃഷി
ഉത്സവകാല ആവശ്യം കണക്കിലെടുത്ത് ഈ വർഷം നഗരത്തില്‍ പൂകൃഷി നടത്തുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. നെല്‍കൃഷി പരപോഷിപ്പിക്കുന്നതിന് തരിശ് ഭൂമിയിലെ കൃഷി ഹെക്ടറിന് നാല്‍പ്പതിനായിരം രൂപ സബ്സിഡി നല്‍കും. നഗരത്തിലെ എല്ലാ വീടുകളിലും മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈകള്‍ വിതരണം ചെയ്യും. കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍, തൈകള്‍, വളങ്ങള്‍, കാർഷിക ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനായി കാർഷിക നഴ്സറി സ്ഥാപിക്കും. കാർഷിക മേഖലക്ക് 1.59 കോടി രൂപ വകയിരുത്തി.
നഗരത്തിലാകെ സി.സി.ടി.വികള്‍
നഗരത്തില്‍ കൂടുതല്‍ സി.സി.ടി.വികള്‍. പോലീസുമായി സഹകരിച്ച് ഘട്ടംഘട്ടമായി നഗരത്തിന്റെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സി.സി.ടി.വി സ്ഥാപിക്കും. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നതും കുറ്റകൃത്യങ്ങളും തടയാൻ ഇത് സഹായകമാകും
വലിയങ്ങാടി ഇനി ‘വലിയ’ അങ്ങാടി
വലിയങ്ങാടി വ്യാപാര കേന്ദ്രത്തിന്റെ പാരമ്പര്യവും പ്രൗഢിയും പൈതൃകവും സംരക്ഷിച്ച് ആധുനിക സൗകര്യങ്ങളുള്ള വ്യാപാര കേന്ദ്രമുയരും. പ്രാഥമിക പ്രവർത്തനങ്ങള്‍ക്കായി ഒരു കോടി വകയിരുത്തി. വിനോദ വിശ്രമ സൗകര്യങ്ങളും പാർപ്പിട സമുച്ചയങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് മാസ്റ്റർ പ്ലാൻ. ഭാവിയില്‍ സ്‌പൈസസ് മ്യൂസിയവും സ്ഥാപിക്കും.
ബഡ്ജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍
ഈ വർഷം 25 പുതിയ പകല്‍ വീടുകള്‍
നവജാതശിശുക്കള്‍ക്ക് വെല്‍ക്കം കിറ്റ്
കോർപറേഷൻ ഓഫീസ് സമുച്ഛയം
ബീച്ച് ആശുപത്രിയില്‍ ജെറിയാട്രിക് കെയർ സെന്റർ
തെരുവ് നായക്കള്‍ക്കായി ഡോഗ് പാർക്ക്
മാലിന്യനീക്കത്തിന് ആധുനിക യന്ത്രങ്ങള്‍
ശ്മശാനങ്ങള്‍ ഹാപ്പിനസ് പാർക്കുകളാക്കും
ഓഫീസില്‍ പഞ്ചിംഗ് , ഓഫീസുകളില്‍ സി.സി.ടി.വി
കുടുംബശ്രീ ആസ്ഥാന മന്ദിരം
ഒയിറ്റി റോഡിന് മുകളില്‍ മേല്‍പ്പാലം
പാർക്കിംഗിന് മൊബെെല്‍ ആപ്പ്
കിഡ്സണ്‍, സ്റ്റേഡിയം പാർക്കിംഗ് പ്ലാസകള്‍ക്ക് 400 കോടി
25 അങ്കണവാടികള്‍ പണിയാൻ 1.5 കോടി
വിദ്യാഭ്യാസമേഖലയ്ക്ക് 16 കോടി
വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് കേന്ദ്രം
കിടപ്പ് രോഗികള്‍ക്കായി മൊബെെല്‍ മെഡിക്കല്‍ ലാബ്
ബീച്ചില്‍ ജനകീയ ഫാർമസി
ഇടിയങ്ങരയില്‍ മള്‍ട്ടി സ്പെഷ്യാലിറ്രി മെഡിക്കല്‍ ലാബ്
കെ സ്മാർട്ട് വഴി മെച്ചപ്പെട്ട സേവനം
പദ്ധതി ആസൂത്രണത്തിന് ജി.ഐ.എസ് മാപ്പിംഗ്
വെസ്റ്റ് ഹില്ലില്‍ ഹെല്‍ത്ത് കോംപ്ലക്സ്
കൂടുതല്‍ കേന്ദ്രങ്ങളില്‍ ടെയ്ക് എ ബ്രേക്ക്
ഹരിത കർമ്മ സേനയെ ശക്തിപ്പെടുത്തും
ക്ഷീര കർഷകർക്ക് കന്നുകുട്ടി പരിപാലന പദ്ധതി
കറവ പശുവളർത്തല്‍ കാലിത്തീറ്റ പദ്ധതിയ്ക്കായി 3.15 കോടി
മൊഫ്യൂസില്‍ ബസ് സ്റ്റാൻഡ് വികസനത്തിന് 1 കോടി
മെഡിക്കല്‍ കോളേജിന് മുന്നില്‍ എസ്കലേറ്റർ
കൊളത്തറ പാർക്ക് നവീകരണത്തിന് 1.4 കോടി
ജെൻഡർ സെയ്ഫ് കോറിഡോറുകളും സ്പോട്ടുകളും 1 കോടി
അൻസാരി പാർക്ക് നവീകരണം
ചെലവൂരില്‍ നീന്തല്‍ക്കുളവും നീന്തല്‍ പരിശീലനകേന്ദ്രവും
പാർപ്പിട പദ്ധതികള്‍ക്കായി 35 കോടി
ട്രാൻസ്‌ജൻഡർ ഷെല്‍ട്ടർ നിർമ്മിക്കും
25 സമൂഹ അടുക്കളകൂടി ഒരുക്കും






