spot_img
Saturday, July 4, 2026
Home Blog Page 393

ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വസ്ത്രം ഓർഡർ നൽകിയ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്തതായി പരാതി

0

മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വസ്ത്രം ഓർഡർ നൽകിയ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്തതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയാണ് കഴിഞ്ഞദിവസം മേലാറ്റൂർ പൊലീസിൽ പരാതി നൽകിയത്.   യുവതിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്സൈറ്റിൽ കയറി ഇവർ ഒരു വസ്ത്രം ഓർഡർ ചെയ്തു.  1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്തത്. എന്നാൽ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.

ഫേസ്ബുക്കിൽ കണ്ട ലിങ്കി വഴ് വസ്ത്രം ഓർഡർ ചെയ്തെങ്കിലും ദിവസങ്ങളായിട്ടും ഡ്രസ് എത്തിയില്ല. ഇതോടെ ഡെലിവറി ഡേറ്റ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം യുവതി വെബ്സൈറ്റിൽ കണ്ട കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചെങ്കിലും ഓർഡർ ചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു.  എന്നാൽ യുവതി അടച്ച 1900 രൂപ തിരികെ നൽകാമെന്ന് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് യുവതിയെ വിശ്വസിപ്പിച്ചു.

പിന്നീട് ഇവർ അയച്ചുനൽകിയ ലിങ്കിൽ കയറിയ യുവതി ഓൺലൈൻ കമ്പനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെയാണ് തട്ടിപ്പ് നടന്നത്. ഒടിപി നൽകിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് യുവതി താൻ പറ്റിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും മേലാറ്റൂർ പൊലീസ് പറഞ്ഞു.  

വലയിലാക്കി; വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ മയക്കുവെടി വച്ച് പുറത്തെടുത്തു

0

കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം ഉത്സാഹിച്ച് കടുവയെ കിണറ്റിന് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. 

വൈകാതെ തന്നെ കടുവയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കൂട്ടിലാക്കി വാഹനത്തിലാണ് കൊണ്ടുപോകുന്നത്. ആരോഗ്യവാനായ കടുവയാണ് ഇതെന്നാണ് മനസിലാക്കുന്നത്. കടുവയ്ക്ക് മറ്റ് കാര്യമായ പരുക്കുകളൊന്നും ഏറ്റിട്ടുമില്ല. 

മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരുന്നത്.  രാവിലെ മോട്ടോര്‍ അടിച്ചിട്ടും വെള്ളം വരാതിരുന്നതോടെ വീട്ടുകാര്‍ കിണറ്റില്‍ പോയി നോക്കുകയായിരുന്നു. ഇതോടെയാണ് കിണറില്‍ കടുവ വീണത് മനസിലാക്കുന്നത്. 

ഉടൻ തന്നെ ഇവര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വൈകാതെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മയക്കുവെടി വയ്ക്കാനുള്ള സംഘത്തെയും എത്തിക്കാനുള്ള നീക്കമായി. ആദ്യം കിണറ്റിനകത്ത് കടുവയെ സുരക്ഷിതമാക്കി വയ്ക്കാനുള്ള കാര്യങ്ങളാണ് ദൗത്യസംഘം ചെയ്തത്. ശേഷമാണ് മയക്കുവെടി വച്ചത്. തുടര്‍ന്ന് ഇതിനെ വലയിലാക്കി കിണറ്റിന് പുറത്തെത്തിച്ചു. മുമ്പും കടുവയുടെ ആക്രമണവും കടുവ ശല്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലമാണിത്. 

വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത: യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്

0

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെയാണ് കേസ് എടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് – 9497942700

തിരുവനന്തപുരം സിറ്റി – 9497942701

തിരുവനന്തപുരം റൂറൽ – 9497942715

കൊല്ലം സിറ്റി – 9497942702

കൊല്ലം റൂറൽ – 9497942716

പത്തനംതിട്ട – 9497942703

ആലപ്പുഴ – 9497942704

കോട്ടയം – 9497942705

ഇടുക്കി – 9497942706

എറണാകുളം സിറ്റി – 9497942707

എറണാകുളം റൂറൽ – 9497942717

തൃശ്ശൂർ സിറ്റി – 9497942708

തൃശ്ശൂർ റൂറൽ – 9497942718

പാലക്കാട് – 9497942709

മലപ്പുറം – 9497942710

കോഴിക്കോട് സിറ്റി – 9497942711

കോഴിക്കോട് റൂറൽ – 9497942719

വയനാട് – 9497942712

കണ്ണൂർ സിറ്റി – 9497942713

കണ്ണൂർ റൂറൽ – 9497942720

കാസർകോട് – 9497942714

തിരുവനന്തപുരം റെയ്‌ഞ്ച് – 9497942721

എറണാകുളം റെയ്‌ഞ്ച് – 9497942722

തൃശ്ശൂർ റെയ്‌ഞ്ച് – 9497942723

കണ്ണൂർ റെയ്‌ഞ്ച് – 9497942724

കിണറ്റില്‍ കടുവയെ കണ്ടെത്തി

0

വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തി. ഇന്ന് രാവിലെ കിണറ്റിലെ മോട്ടര്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്നാനക്കുഴി വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ്

കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടൻ; 14ലധികം സിനിമകളിൽ ചെറിയ വേഷങ്ങൾ, ആദ്യചിത്രം ​ഗ്യാങ്സ്റ്റർ

0

തൃശൂരില്‍ അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ വിനോദിനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കെല്ലാം നല്ല അഭിപ്രായമായിരുന്നു. പൊതുവെ ട്രെയിനുകളില്‍ പലരും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സംഭവങ്ങളുണ്ട്. ഈ സമയത്തെല്ലാം ടിടിഇമാര്‍ പലപ്പോഴും വഴക്ക് പറയുകയും മറ്റും ചെയ്യാറുമുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും മറ്റുള്ളവരോട് കയര്‍ത്ത് സംസാരിക്കുകയോ ട്രെയിനില്‍ നിന്നിറക്കിവിടുകയോ വിനോദ് ചെയ്തിട്ടില്ല. ഈ അടുത്താണ് വിനോദ് എറണാകുളം മഞ്ഞുമ്മലില്‍ പുതിയ വീട് പണിതത്. അതിന്റെ സന്തോഷവും സഹപ്രവര്‍ത്തകരോട് പങ്കുവച്ചിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവം.

വിനോദ് റെയില്‍വേ ജോലിയില്‍ മാത്രമല്ല കലാരംഗത്തും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം പുലിമുരുകനിലും വിനോദ് വേഷമിട്ടു. നാന സിനിമ വാരികയില്‍ ഉള്‍പ്പെടെ വിനോദിനെ കുറിച്ച് കുറിപ്പുകള്‍ വന്നിട്ടുണ്ട്. ചെറുപ്പംമുതലേ അഭിനയത്തില്‍ അതീവ തത്പരനായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം. പിന്നെ മിമിക്രി. രണ്ടിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. റെയില്‍വേയില്‍ ടിടിഇ ആയി ജോലി ആരംഭിച്ചപ്പോഴും സിനിമാ മോഹം ഉള്ളില്‍ക്കൊണ്ടുനടക്കുകയായിരുന്നു വിനോദ്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച സംവിധായകന്‍ ആഷിഖ് അബു വഴിയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഗ്യാങ്സ്റ്റര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി വേഷമിട്ടു. പിന്നെ തുടരെ ചിത്രങ്ങള്‍. വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍യു, അച്ഛാ ദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, ലൗ 24*7, പുലിമുരുകന്‍, രാജമ്മ@യാഹു, വിക്രമാദിത്യന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഡിവൈഎസ്പിയായിട്ടാണ്. ധന്യ ആണ് ഭാര്യ.

ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് ദാരുണമായ സംഭവം. ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സംഭവത്തില്‍ നിര്‍ണായക സാക്ഷിയായ റെയില്‍വേ കച്ചവടക്കാരന്റെ മൊഴി രേഖപ്പെടുത്തുകയാണെന്നും റെയില്‍വേ എസ്പി ട്വന്റിഫോറിനോട് പറഞ്ഞു. ഇയാള്‍ കൊലപാതകം കണ്ടെന്നാണ് വിവരം. പ്രതി രജനീകാന്ത് (42)ഒഡിഷ ഖഞ്ജം സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തൃശൂര്‍ മാള സ്വദേശിയാണ് കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. മാല സ്വദേശിയായ വിനോദ് മൂന്നാഴ്ച മുന്‍പ് പണിത എറണാകുളം മഞ്ഞുമ്മലിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

എസ് 11 കമ്പാര്‍ട്ട്‌മെന്റിലാണ് പ്രതി യാത്ര ചെയ്തത്. ടിക്കറ്റ് എടുക്കാതെ കയറിയ പ്രതിയോട് ടിക്കറ്റ് എടുക്കണമെന്നും അല്ലെങ്കില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറണമെന്നും ടിടിഇ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന രജനീകാന്ത് വാതിലിനരികില്‍ നിന്നിരുന്ന വിനോദിനെ തള്ളിയിട്ടു. ഈ സമയം മറ്റൊരു വനിതാ ടിടിഇ കൂടെയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ ഒന്നും ചെയ്യാനായില്ല. രണ്ട് വനിതാ ടിടിഇമാര്‍ ഉള്‍പ്പെടെ ട്രെയിനില്‍ ആകെ ആറ് ടിടിഇമാരുണ്ടായിരുന്നു.

റെയില്‍വേ ട്രാക്കില്‍ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിന്‍ കയറിയെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ട്രാക്കിലേക്ക് വീണ വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ പലയിടങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. കാല്‍ അടക്കം വേര്‍പെട്ടുപോയിരുന്നു. തൃശൂരില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. പാലക്കാട് നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ആര്‍പിഎഫിന് കൈമാറി.

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

0

തൃശൂർ:ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ഇതര സംസഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ.വിനോദ് ആണ് കൊല്ലപ്പെട്ടത്. മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം. പ്രതിയെ പാലക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇയാൾ ടിടിഇയെ ആക്രമിച്ച് തള്ളിയിട്ടത്.

വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ:മോട്ടോർ വാഹന വകുപ്പ്

0

വേനൽചൂട് അതിൻെറ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല ഹൈവേകളിൽ റോഡ് മരീചിക (Road Mirage ) പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും. വേനൽ ചൂടിൽ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗിൽ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാൾ അപകടകരമാണ് പകൽ സമയത്തെ മയക്കം, റോഡിൽ കൂടുതൽ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം.

വാഹനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ:

• റബ്ബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റിയിടുകയും ചെയ്യുക.

• ടയർ എയർ പ്രഷർ സ്വല്പം കുറച്ചിടുക

• റേഡിയേറ്റർ കൂളൻ്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക.

• കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ഡാഷ്ബോർഡിൽ കൊള്ളാത്ത രീതിയിൽ പാർക്ക് ചെയ്യുക. പാർക്ക് ചെയ്യുമ്പോൾ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.

• പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് അൽപ്പം താഴ്ത്തി ഇടുകയും വൈപ്പർ ബ്ലേഡ് ഉയർത്തി വക്കുകയും ചെയ്യുക.

• ഉണങ്ങിയ ഇലകളോ മറ്റ് തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.

• വെയിലത്ത് നിർത്തിയിട്ടുള്ള വാഹനങ്ങളിൽ ഉണ്ടാകാവുന്ന ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കുകയും സ്വൽപദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി ഓൺ ചെയ്യുകയും ഗ്ലാസ് കയറ്റിയിടുകയും ചെയ്യുക.

• പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക. ഡാഷ്ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്ന രീതിയിൽ ഇങ്ങിനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യതയും ഉണ്ടായേക്കാം.

• ബോട്ടിലുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.

• തീപിടിത്തത്തിന് സാദ്ധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്.

യാത്രകളിൽ ശ്രദ്ധിക്കേണ്ടത് :

• ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം , ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.

• ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്.

• എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.

• കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.

• ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.

• അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

• നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക.

• ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്‌റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും ചെയ്യുക.

• കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.

• വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക.

• തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിൻറെ അടിയിൽ അഭയം തേടാൻ ഇടയുണ്ട് , മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിൻ്റെ അടിഭാഗം ശ്രദ്ധിക്കുക.

‘ആദ്യം റിക്വസ്റ്റ്, ശേഷം മെസേജ്, പിന്നാലെ വീഡിയോ കോള്‍, ഒടുവില്‍ കെണി’; മുന്നറിയിപ്പുമായി പൊലീസ്

0

ഹണിട്രാപ്പ് സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി വീണ്ടും കേരളാ പൊലീസ്. അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാമെന്ന് പൊലീസ് പറഞ്ഞു. അത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നതാണ് ഇത്തരം സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് മുന്നറിയിപ്പ്: ഹണിട്രാപ്പില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. 

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ്, അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

0

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24നാണ് വിവാഹം. വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക.

‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ ‘മനോഹരം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മനോഹരത്തിൽ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.മലർവാടി ആർട്ട്‌സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നിങ്ങനെ നിരവധി ചിത്രത്തിൽ അഭിനയിച്ചു. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയാണ് ദീപകിന്റെ ഒടുവിലായി പുറത്തിറങ്ങാനുള്ള ചിത്രം.

‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ ദുരൂഹ മരണം:കാണാതായ അധ്യാപികയെ ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ച നിലയിൽ

0

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് അരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. 

അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ബന്ധുക്കൾക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനും ഒപ്പം പോയതാണെന്ന് മനസിലായത്.

മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇറ്റാനഗര്‍ പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ മരണ വിവരം അറിഞ്ഞത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.