കോഴിക്കോട്: പണിമുടക്ക് അവശ്യ സർവീസ് ആയ ആംബുലൻസുകളെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാൻ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണമെന്നും ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തുറന്നു പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു
ഗാലക്‌സി എം33 5 ജി ഇന്ത്യയിലേക്ക്; വിലയും വിവരങ്ങളും ഇങ്ങനെ
സാംസങ് മറ്റൊരു എം സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ സ്മാർട്ട്ഫോണിന്റെ പേര് സാസംങ്ങ് ഗാലക്സി എം33 5ജി എന്നായിരിക്കാം. 5 നാനോ മീറ്റര്‍ ചിപ്‌സെറ്റും 6,000എംഎഎച്ച് ബാറ്ററി അടക്കം പ്രത്യേകതകള്‍ ഈ ഫോണില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, വോയ്‌സ് ഫോക്കസ് സാങ്കേതികവിദ്യയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. സാംസങ്ങ് ഗാലക്‌സി എം 33 5 ജി ഫോൺ ഏപ്രിൽ 2 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാസംങ്ങ് എം33 5ജി ഇന്ത്യൻ ലോഞ്ച് ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോണിലെ ഈ ഫോണിനായി ഒരു മൈക്രോസൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്, ലോഞ്ച് തീയതി ഇതിലാണ് സാംസങ്ങ് പ്രഖ്യാപിച്ചത്. എം33 5ജി-യുടെ ഇന്ത്യയിലെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്‌മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമ്പോൾ ഒരു അലേർട്ട് ലഭിക്കാൻ താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് ആമസോണിലെ മൈക്രൈസൈറ്റില്‍ നോട്ടിഫൈ മീ (‘Notify Me’)ബട്ടണിൽ ക്ലിക്ക് ചെയ്യാം.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിൽ ഗാലക്‌സി എം33 യുടെ ടീസര്‍ വീഡിയോ ഉണ്ട്. ഇത് പ്രകാരം ഈ ഫോണ്‍ നീല, പച്ച നിറങ്ങളില്‍ ഇറങ്ങിയേക്കും എന്നാണ് സൂചന. കൂടാതെ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഫോണിൽ ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ടാകുമെന്ന് ഉറപ്പാണ്.
എം 33 പ്രത്യേകതകള്‍
ഇതുവരെ പുറത്തുവന്ന ലീക്കുകള്‍ പ്രകാരം, എം33 പ്രത്യേകതകള്‍ ഇവയാണ്. എം33 5ജി 120Hz പുതുക്കൽ നിരക്കുള്ള 6.6 ഇഞ്ച് എല്‍സിഡി സ്ക്രീനുമായണ് എത്തുന്നത്. ഫോണിന് നാല് പിൻ ക്യാമറകൾ ഉണ്ടാകും, അതിൽ പ്രാഥമിക ലെൻസ് 50 മെഗാപിക്സൽ ആയിരിക്കും. 6GB + 128GB, 8GB + 128GB എന്നീ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ എത്തും.
ക്യാമറയിലേക്ക് വന്നാല്‍ എഫ് / 1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചർ ലെൻസുള്ള 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപിയുടെ രണ്ട് സെൻസറുകൾ എന്നിവയുൾപ്പെടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായി ഫോൺ വരുന്നത്. എഫ്/2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായി ഫോൺ വന്നേക്കാം.
നടന്‍ ധ്രുവന്‍ വിവാഹിതനായി
ക്വീന്‍ എന്ന സിനിമയിലെ ബാലു എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്‍.
പാലക്കാട് വച്ച് ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ക്വീന്‍ കൂടാതെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവന്റെ പ്രധാന ചിത്രങ്ങള്‍. വളരെകുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ക്വീനിലെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ധ്രുവന്‍ അടയാളപ്പെട്ടു.
ലിസമ്മയുടെ വീട് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ധ്രുവന്‍ സിനിമയിലേക്കെത്തുന്നത്. ധ്രവുന്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളഅവതരിപ്പിക്കുന്ന നാന്‍സി റാണി, ജനഗണമന എന്നീ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവരാനിരിക്കുകയാണ്
മൂലമറ്റം വെടിവയ്പ്: പ്രതിയുടേത് ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക്
മൂലമറ്റം ∙ തട്ടുകടയിലെ തർക്കത്തെത്തുടർന്ന് യുവാവു വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതി ഫിലിപ്പ് മാർട്ടിനെ (26) തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണു സംഭവം. മരിച്ച കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനൽ സാബു (34)വിന്റെ സംസ്കാരം ഇന്ന് 11ന്.ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു ഫിലിപ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
അശോക കവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പും ബന്ധുവും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും തീർന്നുപോയെന്ന് അറിയിച്ചതോടെ വാക്കേറ്റമുണ്ടായി. തട്ടുകടയിലുള്ളവരുമായി നടന്ന ബഹളത്തിനിടെ ഫിലിപ്പിനു സാരമായി പരുക്കേറ്റു. ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങിയ ഫിലിപ് പിന്നീടു വീട്ടിൽനിന്നു കാറിൽ തോക്കുമായി എത്തി തട്ടുകടയുടെ നേരെ വെടിയുതിർത്തു. അതിനുശേഷം മൂലമറ്റം ഭാഗത്തേക്കു മടങ്ങുന്നതിനിടെ ഫിലിപ്പിന്റെ മാതാവ് എകെജി കവലയിൽ കാർ തടഞ്ഞ് മകനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ഈ സമയം പിന്നാലെ എത്തിയവർ ഫിലിപ്പിന്റെ കാർ തകർക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. കാർ മുന്നോട്ടെടുത്ത ഫിലിപ് നിമിഷങ്ങൾക്കുളളിൽ തിരിച്ചെത്തി എകെജി കവലയിൽ നിർത്തി ഓട്ടോയ്ക്കു നേരെ നിറയൊഴിച്ചു. ഇതിനിടെ ഈ വഴി സ്‌കൂട്ടറിലെത്തിയ സനലിനും പ്രദീപിനും വെടിയേൽക്കുകയായിരുന്നു. കീരിത്തോട് പാട്ടത്തിൽ സാബുവിന്റെയും വൽസലയുടെയും മകനാണു മരിച്ച സനൽ സാബു. അവിവാഹിതനാണ്.സഹോദരി: സബിത.
സനലിന്റെ വേർപാട്; കുടുംബത്തിന് ഇരട്ടിനോവ്
ചെറുതോണി ∙ ഇസ്രയേലിൽ കഴിഞ്ഞ മേയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ സഹോദരപുത്രനാണു മൂലമറ്റത്ത് കഴിഞ്ഞ ദിവസം വെടിവയ്പിൽ മരിച്ച സനൽ സാബു. കുടുംബത്തിൽ ഒരു ദുരന്തത്തിന്റെ വേദന മാറുംമുൻപേ അപ്രതീക്ഷിതമായി അടുത്തതും വന്നതോടെ ബന്ധുക്കളും നാട്ടുകാരും നടുക്കത്തിലാണ്.ബസ് കണ്ടക്ടറായ സനലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒന്നര സെന്റ് ഭൂമിയിലെ പഴയ വീടു മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം. പിതാവ് സാബു രോഗബാധിതനായി ഏറെ നാളായി കിടപ്പിലാണ്. ഒരു വർഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിലായിരുന്നു ജോലി. കല്യാണ ആലോചനകൾ നടക്കുന്നതിനിടെയാണു മരണം.
ഫിലിപ് തോക്ക് വാങ്ങിയത് ഒരു ലക്ഷത്തിന് മൂലമറ്റം∙ പ്രതി ഫിലിപ്പിൽ നിന്നു പിടികൂടിയ തോക്ക് 2014ൽ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പു പണിക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി വാങ്ങിയതാണെന്നു പൊലീസ്. ഇരുമ്പു പണിക്കാരൻ മരിച്ചുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തു.
തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പൊതുപണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം ∙ കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു.
നാളെ രാത്രി 12 വരെയാണു പണിമുടക്ക്. അവശ്യ സർവീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു.
ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്.ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തിൽ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ പണമുണ്ടെന്നു ബാങ്കുകൾ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.
വേണ്ടത്ര യാത്രക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി ഡിപ്പോകളിൽനിന്നു സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്
ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും?; കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ
ന്യൂഡൽഹി∙ ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പുകൾ നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. നിർണായക കോളുകൾ വൈകുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി.സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (സിഒഎ) നിന്നും മൊബൈൽ വരിക്കാരിൽനിന്നും ഇതുവരെ ലഭിച്ച പിന്തുണയെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ഫോണിലൂടെയുള്ള ബോധവൽക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.ഏകദേശം രണ്ടു വർഷത്തോളമായി ടെലികോം സേവനദാതാക്കൾ, ഫോണുകളിൽ കോൾ കണക്ട് ആകുന്നതിനു മുൻപ് കോവിഡ് ബോധവൽക്കരണ അറിയിപ്പുകൾ നൽകുന്നുണ്ട്. കോവിഡ് സമയത്ത് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുമാണ് അറിയിപ്പ്.നെറ്റ്‌വർക്കുകളിൽ ഉടനീളം പ്ലേ ചെയ്യപ്പെടുന്ന സന്ദേശം, അടിയന്തര ഘട്ടങ്ങളിൽ നിർണായക കോളുകൾ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷൻ വകുപ്പ് അയച്ച കത്തിൽ പറയുന്നു
ദേശീയ പണിമുടക്ക്: നിശ്ചലമാവുന്ന മേഖലകൾ ഏതൊക്കെ, ഇളവുളളത് എന്തിനൊക്കെ? വിശദമായി അറിയാം
തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും.
പണിമുടക്കിൽ നിശ്ചലമാവുന്ന മേഖലകൾ ഇവയാകും…
1.ബസ്,ടാക്സി സർവീസുകൾ
2.ഹോട്ടലുകൾ,വ്യാപാര സ്ഥാപനങ്ങൾ
3.ബാങ്ക് സേവനങ്ങൾ
4.സർക്കാർ ഓഫീസുകൾ
5.റേഷൻ കടകൾ
പണിമുടക്കിൽ ഇളവുളളത് എന്തിനൊക്കെ….
1.ആശുപത്രി സേവനങ്ങൾ
2.പാൽ,പത്രം
3.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
4.ആംബുലൻസ്
5.മെഡിക്കൽ സ്റ്റോർ
6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര
7.ഫയർ റെസ്ക്യൂ തുടങ്ങിയ അവശ്യ സർവീസുകൾ
പണിമുടക്കുന്ന തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ എന്തൊക്കെ?
1.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക.
2.അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക
3.കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക
4.കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക
5.പൊതുമേഖലാ സ്വകാര്യവത്കരണം നിർത്തിവെക്കുക
6.കൊവിഡിന്‍റെ ഭാഗമായുളള വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവർക്കായി പ്രതിമാസം 7500 രൂപ നൽകുക
7.തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക
8.അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക
മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു
കോട്ടയം:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.
ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ അദ്ദേഹം മാതൃഭൂമി, ഇന്ത്യാവിഷന്‍, മനോരമ മീഡിയ സ്കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. പത്ര മാധ്യമ രംഗത്തും ദൃശ്യ മാധ്യമ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം നിലവില്‍ മനോരമ യുടെ മാസ്കോം ജേര്‍ണലിസം സ്കൂളില്‍ അദ്ധ്യാപകനായിരുന്നു. സ്വദേശം പാലക്കാടാണെങ്കിലും കോഴിക്കോടായിരുന്നു താമസം.
മലയാള മാധ്യമരംഗത്ത് ചലച്ചിത്ര വിശകലനത്തിന്‍റെയും അവലോകനത്തിന്‍റെയും പുതുവഴികൾ തുറന്നിട്ട മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. സിനിമയ്ക്കൊപ്പം പരിസ്ഥിതി, സ്ത്രീപക്ഷ എഴുത്ത് എന്നിവയെ ചേർത്തുപിടിച്ച സഹദേവൻ, ദൃശ്യമാധ്യമ രംഗത്തും തനതായ ശൈലിയിലൂടെ എന്നും വേറിട്ടുനിന്നു. ലോകസിനിമയുടെ രാഷ്ട്രീയം സൂക്ഷമതയോടെ പഠിച്ച് ആധികാരികതയോടെ അവതരിപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. ലോക സിനിമയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സിനിമയിലും പരീക്ഷണങ്ങളുണ്ടായ കാലഘട്ടത്തിൽ മലയാളത്തിൽ അവയെ ഗൗരവത്തോടെ സമീപിച്ച മാധ്യമ പ്രവർത്തകർ വളരെ കുറവായിരുന്നു. അക്കാലത്താണ് സിനിമയെഴുത്തിന്‍റെ പുതിയ ഭാഷ സഹദേവൻ പരിചയപ്പെടുത്തുന്നത്.
മാതൃഭൂമി വാരാന്തപ്പതിപ്പിന്‍റെയും പിന്നീട് മാതൃഭൂമിയുടെ സിനിമ പ്രസിദ്ധീകരണമായ ചിത്രഭൂമിയുടെയും ചുമതലക്കാരനായിരുന്നു ഏറെക്കാലം. അക്കാലത്ത് പ്രശസ്തരുടെ സാഹിത്യരചനകൾ കൊണ്ട് സമ്പന്നമായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, എം ടിക്കൊപ്പവും പിന്നീട് എം ടി ചുമതലയൊഴിഞ്ഞതിന് ശേഷവും സുപ്രധാന ചുമതലകളിൽ സഹദേവനുണ്ടായിരുന്നു.
സിനിമ നിരൂപണങ്ങളിലൂടെ ദൃശ്യഭാഷയും തനിക്കിണങ്ങുമെന്ന് തെളിയിച്ച സഹദേവൻ ഇന്ത്യാവിഷൻ വാർത്താ ചാനലിന്‍റെ അസോ.എഡിറ്ററായി ചുമതലയേറ്റു. വാർത്താ ഏകോപനത്തോടൊപ്പം 24 ഫ്രെയിംസ് എന്ന സിനിമാ നിരൂപണ പരിപാടിയെ ജനകീയമാക്കി സഹദേവൻ. പിന്നീട് ഓൺലൈൻ ചാനലുകൾക്കുൾപ്പെടെ നിരവധി മാധ്യമങ്ങളിൽ സഹദേവൻ ലോക സിനിമയുടെ രസതന്ത്രം കാഴ്ചക്കാർക്ക് മുന്നിലെത്തിച്ചു.
സഫാരി ടിവിയില്‍ വേള്‍ഡ് വാര്‍ സെക്കന്‍ഡ്, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നീ പരിപാടികളും അവതരിപ്പിച്ചിരുന്നു.
2017 മുതല്‍ മനോരമ സ്‌കൂള്‍ ഓഫ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറാണ്. ചലച്ചിത്ര നിരൂപകനെന്ന നിലയിലും ശ്രദ്ധേയനാണ്. ഫിലിം ക്രിട്ടിക് ജൂറി അംഗവും 33 വര്‍ഷമായി പത്ര, ദൃശ്യ മാധ്യമപ്രവര്‍ത്തകനുമാണ്. ഭാര്യ പുഷ്പ, മകള്‍ ചാരു
ചാർജ് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സ്വകാര്യ സമരം പിൻവലിച്ചു
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്.
നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണി രാജുവും പങ്കെടുത്തു. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.
നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്.
തൃശൂരിൽ കോളേജ് പെൺകുട്ടിക്ക് സംഭവിച്ചത്, ‘ഒരു ന്യൂജൻ തട്ടിപ്പ്’ വിവരിച്ച് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ പലപ്പോഴും വലിയ തോതിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ കാലത്തെ തട്ടിപ്പിന്‍റെ ഒരു രീതിയാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തൃശൂരിലെ കോളേജിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഏൽക്കേണ്ടിവന്ന ‘ന്യൂജൻ തട്ടിപ്പ്’ വിവരം പങ്കുവച്ചുകൊണ്ടാണ് തട്ടിപ്പിന്‍റെ പുതിയ രീതിയെക്കുറിച്ചുള്ള മുന്നറിയിപ്പ്. അത്യാവശ്യമായി ഒരു കോൾ ചെയ്യാൻ ഫോൺ വേണമെന്ന നിലയിൽ സമീപിച്ചുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും ശ്രദ്ധ വേണമെന്നുമാണ് കേരള പൊലീസ് തൃശൂർ പെൺകൂട്ടിയുടെ അനുഭവം പങ്കുവയ്ക്കുന്ന പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
കേരള പൊലീസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ വായിക്കാം
തൃശൂരിൽ നടന്ന ഒരു സംഭവം.
കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്നു.
മോളേ,
എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവൾ ഇതുവരേയും എത്തിയില്ല. വീട്ടിൽ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈൽഫോൺ ഒന്നു തരുമോ, ഒരു കോൾ വിളിക്കാനാണ്.
ഒരാൾ, ആ പെൺകുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു.
അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെൺകുട്ടി തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്ത്, അയാൾ നൽകിയ ഫോൺ നമ്പറിലേക്ക് പെൺകുട്ടിതന്നെ ഡയൽ ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോൺ അയാൾക്ക് കൈമാറി.
അയാൾ അത് ചെവിയോടു ചേർത്തു പിടിച്ചു. മൊബൈൽഫോണിന് റേഞ്ച് കുറവാണെന്ന മട്ടിൽ അയാൾ പെൺകുട്ടി നിന്നിടത്തുനിന്നും അൽപ്പം നീങ്ങി നിന്നു സംസാരിക്കാൻ തുടങ്ങി.
മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേൾക്കാനില്ലെന്ന മട്ടിൽ, അയാൾ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെൺകുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാൾ പെൺകുട്ടിയുടെ കാഴ്ചയിൽ നിന്നും മറഞ്ഞുപോകുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെൺകുട്ടി പൊട്ടിക്കരഞ്ഞു.
പെൺകുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങൾ തിരക്കി. പൊലീസുദ്യോഗസ്ഥൻ ഇക്കാര്യം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ തന്നെ അത് നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തിൽ കേരള ഗവർണറുടെ സന്ദർശനം കണക്കിലെടുത്ത്, കൂടുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
നഗരത്തിൽ കുറുപ്പം റോഡ് ജംഗ്ഷനിൽ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാൾ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കൺട്രോൾ റൂമിൽ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പൊലീസുദ്യോഗസ്ഥൻ മനസ്സിലാക്കി.
അയാൾ നേരെ ഒരു മൊബൈൽ ഫോൺ കടയിലേക്കാണ് കയറിപ്പോയത്. പെൺകുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈൽഫോൺ അയാൾ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാർഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈൽ വിൽപ്പന നടത്തുന്ന കടയിൽ കൊണ്ടുപോയി വിൽക്കുക എന്നതായിരുന്നു അയാളുടെ പ്ലാൻ.
എന്നാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈൽ കടകളിൽ ഇയാൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിയെടുത്ത മൊബൈൽ ഫോൺ കണ്ടെടുത്തു.
കണ്ടെടുത്ത മൊബൈൽഫോൺ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച് പെൺകുട്ടിക്ക് കൈമാറി.



