ആലപ്പുഴ: കോണ്‍ഗ്രസിൻ്റെ സമരാഗ്നി പരിപാടിയുടെ ഭാഗമായി ഭാഗമായി ആലപ്പുഴയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അശ്ലീല വാക്കുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. സതീശൻ എത്താൻ വൈകിയതാണ് കാരണം. സതീശനെതിരെ കൂടുതല്‍ പ്രകോപനപരമായ വാക്കുകള്‍ പ്രയോഗിക്കാൻ തുടങ്ങിയ സുധാകരനെ അവിടെയുള്ള നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരൻ്റെ ശ്രദ്ധയില്‍പ്പെടുത്തി.
സുധാകരൻ എത്തി 20 മിനിട്ടുകള്‍ക്ക് ശേഷമാണ് സതീശൻ എത്തിയത്. മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താൻ സതീശൻ വൈകുകയായിരുന്നു. തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ അന്വേഷിച്ചു..’ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാള്‍ എവിടെയെന്ന്. ഇയാള്‍ എന്ത്…( അസഭ്യം) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’ സുധാകരന്‍ ചോദിച്ചു. ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ പിൻമാറി. പിന്നീട് സതീശന്‍ എത്തിയ ശേഷം അദ്ദേഹത്തോട് സുധാകരന്‍ നീരസം കാട്ടിയില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
ഏതാനും മാസങ്ങള്‍ക്ക് മുൻപ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ച് സുധാകരനും സതീശനും തമ്മിലുള്ള ഭിന്നത വലിയ വിവാദമായിരുന്നു. അന്ന് വാര്‍ത്തസമ്മേളനത്തില്‍ മൈക്കിനും കാമറയ്ക്കും മുന്നില്‍വെച്ച് സുധാകരനും സതീശനും നടത്തിയ അടിപിടിക്ക് സമാനമായ സംഭവമാണ് ഇന്നും ഉണ്ടായത്.






