കോഴിക്കോട്: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈൻ വഴി നാടിന് സമർപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കോഴിക്കോടും കാക്കനാടുമായി രണ്ട് മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബുകള്‍ കേരളത്തിന് ലഭിച്ചതിന് പിന്നില്‍ സംസ്ഥാന സർക്കാരിന്റെ വലിയ പരിശ്രമമുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു. പുതുതായി ലഭിച്ച ലാബ് സൗകര്യം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഈ ലാബുകളെ എൻ.എ.ബി.എല്‍ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി കോണ്‍ഫറൻസ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തോട്ടത്തില്‍ രവീന്ദ്രൻ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ ജാഫർ മാലിക് സ്വാഗതവും ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ് നന്ദിയും പറഞ്ഞു.






