spot_img
Sunday, July 26, 2026

ഡ്രൈവിംഗ് ലെെസൻസ് പരിഷ്കാരം : പ്രതിഷേധമുയര്‍ത്തി ഡ്രൈവിംഗ് സ്കൂളുകള്‍



സമരത്തിനൊരുങ്ങി ആള്‍ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ

കോഴിക്കോട്: മോട്ടാർ വാഹന വകുപ്പിന്റെ പുതിയ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സംഘടന രംഗത്ത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടെസ്റ്റ് പരിഷ്കരിക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് വലിയ ബാദ്ധ്യതയാണുണ്ടാക്കുകയെന്നും ചെറിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ പൂട്ടിപ്പോവുന്ന സാഹചര്യമുണ്ടാവുമെന്നും സംഘടന ആരോപിക്കുന്നു.

ചെറുകിട ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ ഒഴിവാക്കി വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാതൊരു പഠനവും നടത്താതെ പുതിയ ടെസ്റ്റ് രീതിയെന്ന് ആള്‍ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഡ്രൈവിംഗ് പരിശീലനച്ചെലവ് ഇരട്ടിയിലധികമാകും. സർക്കുലറിലുള്ള മോട്ടോർ സൈക്കിള്‍ പാർട്ട് 2 ടെസ്റ്റ് ഗതാഗതമുള്ള റോഡില്‍ നടത്തണം എന്ന നിർദ്ദേശം റോഡപകടങ്ങള്‍ വർദ്ധിക്കാനും ഗതാഗതകുരുക്ക് ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് സംഘടന ആരോപിച്ചു.

നിലവില്‍ 120 ടെസ്റ്റ് നടക്കുന്നത് 30 ആയി കുറക്കുന്നത് ഗതാഗത നിയമലംഘനത്തിന് വഴിയൊരുക്കുകയാണ്. ഡ്രൈവിംഗ് സ്കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കിയതും ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് തിരിച്ചടിയായി. നിലവില്‍ മേഖലയില്‍ 6003 സ്‌കൂളുകളും മൂന്ന് ലക്ഷം തൊഴിലാളികളുമാണ് പ്രവർത്തിക്കുന്നത്. പുതിയ ടെസ്റ്റ് രീതി നടപ്പിലാക്കുന്നത് തൊഴില്‍ നഷ്ടടമുണ്ടാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യം സ‌ർക്കാ‌ർ ഒരുക്കണം

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുമ്പോള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സർക്കാർ ഒരുക്കി നല്‍കണമെന്നും ഡ്രൈവിംഗ് സ്കൂള്‍ മേഖലയെ ബാധിക്കുന്ന പരിഷ്കാരങ്ങള്‍ പിൻവലിക്കണമെന്നും ആള്‍ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂ‌ള്‍ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സെക്രട്ടറിയേറ്റ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

വാർത്താസമ്മേളനത്തില്‍ അസോ.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഷറഫ് നരിമുക്കില്‍, ട്രഷറർ സൗമിനി മോഹൻദാസ്, ജില്ലാ പ്രസിഡന്റ് പ്രകാശൻ പേരാമ്പ്ര, സെക്രട്ടറി ഷൈജു ബാലുശ്ശേരി എന്നിവർ പ്രസംഗിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles