പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ 1 മുതല്‍ ടോള്‍ നിരക്കില്‍ വർധന. ഒരുവശത്തേക്കും ഇരുവശത്തേക്കുമുള്ള യാത്രക്കും മാസ പാസിനും നിരക്കുയരും. മിനിബസ്/ ചെറു ചരക്ക് വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 165ൽ നിന്ന് 170 ആയും ചെറിയ വാണിജ്യവാഹനങ്ങൾക്ക് 160ൽ നിന്ന് 165 ആയും ടോൾ വർധിപ്പിച്ചു. വാളയാർ ടോൾ ബൂത്തിലും നിരക്ക് വർധന പ്രാബല്യത്തിൽ വന്നു.
നിരക്ക് വർധനക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. പണികള്‍ പൂര്‍ത്തിയാക്കാതെയാണ് ടോൾ നിരക്ക് വർധിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
കുതിരാന്‍ തുരങ്കത്തിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്‍ക്കെയാണ് ടോള്‍ ഉയര്‍ത്താനുള്ള തീരുമാനം. ടോളിന് സമീപത്തെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അനുവദിച്ച സൗജന്യ പാസും ഉടന്‍ പിന്‍വലിച്ചേക്കും.






