spot_img
Tuesday, April 21, 2026

ഇതാ ഇവിടെയുണ്ട്‌ നജീബിന്റെ ‘രക്ഷകൻ’



തിരൂർ: പ്രവാസ ജീവിതത്തിലെ ദുരിതത്തിന്റെ കഥപറഞ്ഞ ആടുജീവിതവും നജീബും തിയറ്ററുകളിൽ സൂപ്പർ ഹിറ്റാകുമ്പോൾ യഥാർഥ ജീവിതത്തിലെ ഒരു കഥാപാത്രം ഇങ്ങ്‌ തിരൂരിലുണ്ട്. മൂന്ന്‌ വർഷത്തെ ആടുജീവിതം താണ്ടി നജീബ് രക്ഷപ്പെട്ട് റിയാദിലെത്തിയപ്പോൾ ഭക്ഷണവും താമസവുമൊരുക്കുന്നത്‌ അവിടുത്തെ മലബാർ ഹോട്ടലുടമയായ പ്രവാസിയാണ്‌. തിരൂർ പത്തമ്പാട് അരങ്ങത്തിൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞാക്ക). മെലിഞ്ഞൊട്ടി മുടിയും താടിയും നീട്ടി ദേഹമാസകലം മുറിവും പാടുകളുമായി വിരൂപനായ നജീബിനെ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുന്നത്‌ കുഞ്ഞാക്കയാണ്‌–- ജീവിതത്തിലും സിനിമയിലും.

വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ നിമിഷങ്ങൾ തിരൂരിലെ വീട്ടിലിരുന്ന്‌ ഓർത്തെടുക്കുകയാണ്‌ കുഞ്ഞുമുഹമ്മദ്‌. ‘ഒരുദിവസം വൈകിട്ട് സുഹൃത്താണ് മാനസിക രോഗിയെന്ന് സംശയിക്കുന്ന ഒരാളെക്കുറിച്ച് പറയുന്നത്. മുടിയും താടിയും ജഡ പിടിച്ച ഭീകരരൂപം. കീറിയ വസ്ത്രങ്ങൾ. മുഖത്തും ശരീരത്തിലെമ്പാടും മർദനമേറ്റ പാടുകൾ. ഒറ്റനോട്ടത്തിൽ മാനസിക പ്രശ്നമുള്ളയാളാണെന്ന്‌ തോന്നും. ഭക്ഷണവും വെള്ളവും കൊടുത്ത് ശാന്തമാക്കിയശേഷം സംസാരിച്ചപ്പോഴാണ് മലയാളിയാണെന്നും ആട് മേക്കൽ ജോലിയിൽനിന്നും രക്ഷപ്പെട്ട് എത്തിയതാണെന്നും അറിഞ്ഞത്. പിന്നീട്‌ 20 ദിവസത്തോളം കൂടെ താമസിപ്പിച്ച്‌ ആരോഗ്യം വീണ്ടെടുത്തു. നാട്ടിലേക്ക് അയക്കാനായി പൊലീസിൽ കീഴടക്കി. ഒരാഴ്ച കഴിഞ്ഞ്‌ അധികൃതർ നാട്ടിലേക്ക് അയച്ചു’–- ആ ദിവസങ്ങൾ ഓർത്തെടുത്ത്‌ കുഞ്ഞാക്ക പറഞ്ഞു.  ‘ജയിലിൽപോയ ശേഷം നജീബിനെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. വർഷങ്ങൾക്കുശേഷം നജീബിനെക്കുറിച്ച് കഥയെഴുതാനെന്നു പറഞ്ഞ് ഒരാൾ എത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന്‌ പറഞ്ഞ് അയച്ചു. പിന്നീട് ആടുജീവിതം നോവലിലും ഇപ്പോൾ സിനിമയിലും കഥാപാത്രമായെന്നറിഞ്ഞപ്പോൾ സന്തോഷം’–- കുഞ്ഞാക്ക പറഞ്ഞു.

1981ലാണ് കുഞ്ഞുമുഹമ്മദ്‌ പ്രവാസിയാകുന്നത്‌. പല കമ്പനികളിൽ ജോലിചെയ്‌താണ്‌ പിന്നീട് മലബാർ ഹോട്ടലിന്റെ നടത്തിപ്പുകാരനാകുന്നത്‌. അക്കാലത്ത്‌ നിരവധി നജീബുമാരെ കണ്ടുമുട്ടി. എല്ലാവരെയും പറ്റാവുന്ന രീതിയിൽ സഹായിച്ചു. ‘നജീബിന്റെ രൂപവും അവശതയും കണ്ടപ്പോൾ മനുഷ്യജീവി എന്ന നിലയിലൊരു സഹായംമാത്രമാണ് ചെയ്തത്’–- പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽകഴിയുന്ന കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. സിനിമ ഇറങ്ങിയശേഷം കൂടുതൽ പേർ വിവരങ്ങൾ ചോദിച്ചെത്തുന്നുണ്ട്‌. നോമ്പ് കാലം കഴിഞ്ഞ് സിനിമ കാണുമെന്നും നജീബിനെ നേരിട്ട് കാണാൾ ആഗ്രഹമുണ്ടെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles