spot_img
Sunday, August 2, 2026

കോഴിക്കോട് താലൂക്കിൽ അഞ്ചുക്യാമ്പുകൾ തുടങ്ങി



കോഴിക്കോട് : ഇടതടവില്ലാതെപെയ്ത മഴയിൽ നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. ചിലയിടങ്ങിൽ വീടുകളിൽ വെള്ളംകയറി. ശക്തമായ കാറ്റിൽ മരംപൊട്ടിവീണു. കോഴിക്കോട് താലൂക്കിൽ അഞ്ചു ക്യാമ്പുകൾ തുടങ്ങി. ക്യാമ്പുകളിൽ 105 പേരുണ്ട്.കോട്ടൂളി പറയഞ്ചേരി ഭാഗങ്ങളിൽ റോഡിൽ മുട്ടറ്റം വെള്ളംകയറി. ഇത് ഏറെനേരം ഗതാഗതക്കുരുക്കിന് കാരണമായി. കൊമ്മേരി, മാവൂർ റോഡ്, സ്റ്റേഡിയം ജങ്ഷൻ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. പാലാഴി അത്താണിക്കൽ എം.എൽ.എ. റോഡ് ജങ്ഷനിൽ റോഡ് വെള്ളത്തിലായി. കടകളിൽ വെള്ളംകയറുന്ന സ്ഥിതിയായിരുന്നു. തടമ്പാട്ടുതാഴം, കക്കോടി ഭാഗങ്ങളിലെല്ലാം പ്രയാസമുണ്ടായി. കോവൂർ ഇരിങ്ങാടൻപള്ളി റോഡിലും മീഞ്ചന്ത മില്ലത്ത്‌കോളനി ഭാഗത്തും ഏതാനുംവീടുകളിൽ വെള്ളംകയറി. ചേവരമ്പലം ചെമ്മച്ചേരിത്താഴത്തും ആറുവീടുകളിൽ വെള്ളംകയറി. ദേശീയപാതയ്ക്കുസമീപം പാച്ചാക്കൽ മമ്മിളിത്താഴം ഭാഗത്ത് വെള്ളംകയറി.

മതിലിടിഞ്ഞു, കിണർതാഴ്ന്നുപെരുവയൽ പഞ്ചായത്തിലെ മുണ്ടക്കലിൽ കാങ്ങോശ്ശേരി ജിൻസിയുടെ വീടിന്റെ മുകളിലേക്ക് തൊട്ടടുത്ത പറമ്പിലെ മതിൽക്കെട്ടിടിഞ്ഞുവീണു. വീടിന്റെ ചുമരുപൊട്ടുകയും പൈപ്പുകൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തു.കുണ്ടൂപ്പറമ്പ് തിരുത്തിക്കുന്നത് ബാബുവിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഒന്നരയടിയോളമാണ് താണത്. വീട്ടുകാരോട് മാറിത്താമസിക്കാൻ വില്ലേജ് ഓഫീസിൽ നിർദേശം നൽകി. മലാപ്പറമ്പ് പ്രോവിഡൻസ് കോളേജിനുസമീപം റീജണൽ ഫാമിലി വെൽഫെയർ സ്റ്റോർ കെട്ടിടത്തിനുമുകളിൽ മരം വീണു.പ്രളയക്കെടുതിയിലകപ്പെട്ട് മലയോരം. ഇടമുറിയാതെ തിമിർത്തുപെയ്ത മഴയിൽ പ്രളയക്കെടുതിയിലകപ്പെട്ട് മലയോരം. ഇരുവഴിഞ്ഞിപ്പുഴയും കൈവഴികളും കരകവിഞ്ഞൊഴുകിയതോടെ റോഡുകളിൽ വെള്ളം കയറി. പല സ്ഥലങ്ങളിലും ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. വിവിധ പാലങ്ങൾ വെള്ളത്തിനടിയിലായി.

പുഴയോരങ്ങളിലെ വീടുകളിൽ വെള്ളം കയറിതോടെ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. ഇരുവഴിഞ്ഞിപ്പുഴയിലും പൊയിലിങ്ങാപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. തിരുവമ്പാടി-മറിപ്പുഴ റോഡിലെ മുത്തപ്പൻപുഴ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സമീപത്ത് പുതുക്കിപ്പണിയുന്ന പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കക്കുണ്ട് തോട്ടിൽ ജലവിതാനം കുത്തനെ ഉയർന്ന് തിരുവമ്പാടി കറ്റിയാട് വെള്ളം കയറിയതിനാൽ കോടഞ്ചേരി, പുല്ലൂരാംപാറ റൂട്ടിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.താഴെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങി. പുല്ലൂരാംപാറ പള്ളിപ്പടി കുറ്റിയാനിക്കൽ പയസ്സിന്റെയും കൈതോട്ടുപറമ്പിൽമുഹമ്മദിന്റെയും കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂര്, കൂട്ടക്കര, കുളിരാമുട്ടി, പൂവാറൻതോട് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളംകയറി. കുളിരാമുട്ടി പാലവും പൂവാറൻതോട് പള്ളിപ്പാലവും വെള്ളത്തിൽ മുങ്ങി. മഞ്ഞപ്പൊയിലിൽ മണ്ണിടിച്ചിലുണ്ടായി. മഞ്ഞക്കടവ് വസന്ത രാജന്റെ വീട് ഭാഗികമായി തകർന്നു. അഷറഫിന്റെ വീടിന് കേടുപാടുപറ്റി. കോലോത്തുംകടവ് തീരത്ത് ചായംപുറത്ത് മനോജിന്റെ കിണർ ഇടിഞ്ഞു. പൂവാറൻതോട് ഒഴുകയിൽ ദാമോദരന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ ഹോം സ്‌റ്റേകളും റിസോർട്ടുകളും അടച്ചിടാനും എല്ലാവിധ നിർമാണ പ്രവൃത്തികളും നിർത്തിവെക്കാനും നിർദേശിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മലയോരത്തെത്തുന്ന വിനോദസഞ്ചാരികൾ അതീവജാഗ്രത പാലിക്കണം



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles