കൊണ്ടോട്ടി:ഓട്ടോറിക്ഷയിലിരുന്നു ഓടുന്ന ബസിനു മുൻപിൽ വടിവാൾ വീശിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് സ്വദേശി മലയിൽ വീട്ടിൽ ഷംസുദ്ദീനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചതിന്നും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പരാതിയെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച വൈകിട്ടു ബസ് പുളിക്കലിൽ നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങാൻ സമയമെടുത്തു.
ഈ സമയം പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഹോൺ മുഴക്കുകയും പിന്നീടു മുൻപിലെത്തി മാർഗതടസ്സം സൃഷ്ടിച്ച് വടിവാൾ പുറത്തേക്കിട്ടു വീശിക്കാണിക്കുകയായിരുന്നു. കൊളത്തൂർ എയർപോർട്ട് ജംക്‌ഷനിൽ എത്തിയപ്പോൾ ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിലെത്തിയ ബസ് ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
ഇന്നലെ പെരിയമ്പലത്തെ ബന്ധുവീട്ടിൽനിന്നാണു ഷംസുദ്ദീനെ പിടികൂടിയത്. വീട്ടിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധം മൂർച്ചകൂട്ടാൻ കൊണ്ടുപോകുകയായിരുന്നുവെന്നും ബസ് സൈഡ് കൊടുക്കാത്ത ദേഷ്യത്തിൽ സംഭവിച്ചതാണെന്നുമാണ് ഷംസുദ്ദീൻ പറഞ്ഞതെന്നു പൊലീസ് അറിയിച്ചു. ഷംസുദ്ദീൻ ആണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. യാത്രക്കാരനായി ബന്ധുവും ഉണ്ടായിരുന്നു. വടിവാളും ഓട്ടോറിക്ഷയും പൊലിസ് കസ്റ്റഡിയിലെടുത്തു.






