തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ ക്യാമറാമാനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി. ടെർമിനലിനു സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സി.കുമാർ(51), പേയാട് ചെറുപാറ എസ്.ആർ. ഭവനിൽ ആശ(42) എന്നിവരാണ് മരിച്ചത്. ആശയെ കൊലപ്പെടുത്തിയശേഷം കുമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കുമാറിന്റെ സുഹൃത്താണ് ആശയെന്ന് പോലീസ് പറഞ്ഞു.
തലസ്ഥാനത്ത് സ്വകാര്യ ടി.വി. ചാനലിലെ ക്യാമറാമാനാണ് കുമാർ. നാലുവർഷം മുൻപ് ഭാര്യയുമായി പിരിഞ്ഞ കുമാർ ആലന്തറക്കോണത്ത് ഒറ്റയ്‌ക്കാണ് താമസം. പാങ്ങോട് സൈനിക ക്യാമ്പിലെ താത്‌കാലിക ജീവനക്കാരിയാണ് ആശ. വിവാഹിതയായ ഇവർക്ക് രണ്ടു മക്കളുണ്ട്. ശനിയാഴ്ച ജോലിക്കുപോയ ആശ മടങ്ങിവരാത്തതിനെത്തുടർന്ന് കാണാനില്ലെന്നുകാട്ടി ഭർത്താവ് വിളപ്പിൽശാല പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപാണ് കുമാർ തമ്പാനൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ആശയെ ഇയാൾ ഇവിടേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് സൂചന. ജോലിയുടെ ആവശ്യത്തിനായി ഞായറാഴ്ച രാവിലെ കുമാറിനെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. മുറിക്കു പുറത്ത് ഇരുവരെയും കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ഇവിടെയെത്തിയ ഇയാളുടെ സുഹൃത്ത് തമ്പാനൂർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുറി ചവിട്ടിത്തുറന്നു നോക്കിയപ്പോൾ കുമാറിനെ ഫാനിൽ തൂങ്ങിയനിലയിൽ കാണപ്പെട്ടു. ഇയാളുടെ കൈയിലും മുറിവുണ്ട്.
ചുമരിനോടു ചേർന്ന് തറയിലായിരുന്നു ആശയുടെ മൃതദേഹം. ആശയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആശയെ കുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കുമാറിന്റെ കൈയിലെ മുറിവ് ഇതിനിടയിൽ സംഭവിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ ലോഡ്ജിലെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പൊതുവേ അന്തർമുഖനായ സ്വഭാവമുള്ളയാളാണ് കുമാറെന്ന് സഹപ്രവർത്തകർ പറയുന്നു. ലോഡ്ജിലെത്തിയ കുമാറും ആശയും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് കൊലപാതകം നടക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു.






